ബ്ലാങ്ങാച്ചാല്‍ സമഗ്ര നീര്‍ത്തട പദ്ധതി: എടവിലങ്ങ് ബസാര്‍ തോട് നവീകരണം ആരംഭിച്ചു

തൃശൂര്‍ :  ജില്ലാ പഞ്ചായത്തിന്റെയും മണ്ണ് പര്യവേഷണ മണ്ണ് സംരക്ഷണ വകുപ്പിന്റെയും നേതൃത്വത്തില്‍ നടപ്പിലാക്കുന്ന ബ്ലാങ്ങാച്ചാല്‍ സമഗ്ര നീര്‍ത്തട പദ്ധതിയുടെ ഭാഗമായി എടവിലങ്ങ് ഗ്രാമപഞ്ചായത്തിലെ ബസാര്‍ തോട് നവീകരണ പ്രവൃത്തികള്‍ ആരംഭിച്ചു. എടവിലങ്ങ് ഗ്രാമപഞ്ചായത്തിലെ ഒന്നാം വാര്‍ഡില്‍ ഉള്‍പ്പെട്ട ബസാര്‍ തോട് പ്രദേശത്തെ വെള്ളക്കെട്ട് ഒഴിവാക്കുന്നതിനാണ് നവീകരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുള്ളത്. മണ്ണെടുത്ത് തോടിന്റെ ആഴവും വീതിയും വര്‍ദ്ധിപ്പിക്കുക, ഇരുവശങ്ങളിലും കയര്‍ ഭൂവസ്ത്രം വിരിച്ച് കരിങ്കല്‍ ഭിത്തി നിര്‍മ്മിക്കുക എന്നീ പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്.

മതിലകം ബ്ലോക്കിലെ കൈപ്പമംഗലം മുതല്‍ എറിയാട് വരെ 1656.73 ഹെക്ടറിലുള്ള ബ്ലാങ്ങാച്ചാല്‍ നീര്‍ത്തട പദ്ധതിക്കായി 288.3 കോടി രൂപയാണ് വിനിയോഗിക്കുന്നത്. ഇതില്‍ 126.66 കിലോമീറ്റര്‍ തോടുകളുടെ പുനരുദ്ധാരണവും ഉള്‍പ്പെടുന്നു. കൂടാതെ കൃഷി, ദേശീയ തൊഴിലുറപ്പ് പദ്ധതി, തദ്ദേശ സ്വയംഭരണ വകുപ്പ്, മണ്ണ് സംരക്ഷണ വകുപ്പ്,  ഇറിഗേഷന്‍, ഫിഷറീസ്, ക്ഷീരവികസനം, കുടുംബശ്രീ തുടങ്ങിയ വകുപ്പുകള്‍  വാര്‍ഡ് തലത്തില്‍ നടപ്പിലാക്കേണ്ട പ്രവര്‍ത്തനങ്ങളും പ്രശ്‌നപരിഹാരങ്ങളും കൂടി ഉള്‍പ്പെടുത്തിയാണ് പദ്ധതി ഒരുക്കിയിരിക്കുന്നത്. ബസാര്‍ തോടിന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി 6 ലക്ഷം രൂപയാണ് ബ്ലാങ്ങാച്ചാല്‍ പദ്ധതിയില്‍നിന്ന് അനുവദിച്ചിട്ടുള്ളത്.

എടവിലങ്ങ് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു രാധാകൃഷ്ണന്‍ അധ്യക്ഷനായ ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കെ എസ് ജയ നവീകരണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം നിര്‍വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി കെ ഗിരിജ, പഞ്ചായത്ത് അംഗങ്ങള്‍, ജനപ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.

Leave A Reply