അ​ഗ്നിപഥിനെതിരെ അണയാതെ പ്രക്ഷോഭം; ബിഹാറിൽ 200 കോടി രൂപയുടെ നഷ്ടമുണ്ടായതായി റെയിൽവേ

പട്ന: അഗ്നിപഥ് സൈനിക റിക്രൂട്ട്‌മെന്റ് പദ്ധതിക്കെതിരെ ബിഹാറിൽ നടന്ന പ്രതിഷേധത്തിൽ 200 കോടി രൂപയുടെ നാശനഷ്ടമുണ്ടായതായി റെയിൽവേ. 50 കോച്ചുകളും അഞ്ച് എൻജിനുകളും പൂർണമായും കത്തിനശിച്ചെന്ന് മുതിർന്ന റെയിൽവേ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു. നൂറുകണക്കിനാളുകൾ തുടർച്ചയായ മൂന്നാം ദിവസവും തീവണ്ടികളും റെയിൽവേ സ്റ്റേഷനുകളും കത്തിക്കുകയും നശിപ്പിക്കുകയും ചെയ്തു. പ്ലാറ്റ്‌ഫോമുകൾക്കും കമ്പ്യൂട്ടർ സംവിധാനങ്ങൾക്കും മറ്റ് സാങ്കേതിക ഉപകരണങ്ങൾക്കും കേടുപാടുകൾ സംഭവിച്ചതായി ദനാപൂർ റെയിൽ ഡിവിഷൻ ഡിവിഷണൽ മാനേജർ പ്രഭാത് കുമാർ വ്യക്തമാക്കി.

പ്രക്ഷോഭകർ വെള്ളിയാഴ്ച ഏതാണ്ട് ഒരു ഡസനോളം കോച്ചുകൾ അഗ്നിക്കിരയാക്കി. ബറൗണി-ഗോണ്ടിയ എക്‌സ്പ്രസിന്റെ മൂന്ന് കോച്ചുകൾ കത്തിനശിച്ചു. സിവാൻ ജില്ലയിൽ പ്രതിഷേധക്കാർ റെയിൽ എഞ്ചിന് തീയിടാൻ ശ്രമിച്ചു. വിക്രംശില എക്‌സ്പ്രസിന്റെ മൂന്ന് എയർകണ്ടീഷൻ ചെയ്ത കമ്പാർട്ടുമെന്റുകൾ കൊള്ളയടിച്ചതിന് ശേഷം കത്തിച്ചു. ആരാ ജില്ലയിൽ പുതുതായി നിർമ്മിച്ച പ്ലാറ്റ്‌ഫോം, മോത്തിഹാരിയിലെ ബാപുധാം റെയിൽവേ സ്റ്റേഷൻ എന്നിവ നശിപ്പിക്കപ്പെട്ടു. ഒരു യാത്രക്കാരനും പരിക്കേറ്റു. നാല് എക്സ്പ്രസുകൾ ഉൾപ്പെടെ 30 ട്രെയിനുകൾ റദ്ദാക്കിയതായും മറ്റുള്ളവ മണിക്കൂറുകളോളം വൈകിയതായും ഈസ്റ്റ് സെൻട്രൽ റെയിൽവേ അറിയിച്ചു. ചില ട്രെയിനുകൾ വഴിയിൽ കുടുങ്ങി.

Leave A Reply