സൗരോര്‍ജം കൊണ്ട് സഞ്ചരിക്കുന്ന കാര്‍ പുറത്തിറക്കാന്‍ ഒരുങ്ങുന്നു. നെതര്‍ലന്‍ഡ്സ് ആസ്ഥാനമായുള്ള സോളാര്‍ ഇലക്ട്രിക് വെഹിക്കിള്‍ സ്റ്റാര്‍ട്ടപ്പ് കമ്ബനിയായ ലൈറ്റ്ഇയറാണ് പുതിയ കാര്‍ പുറത്തിറക്കാനായി ഒരുങ്ങുന്നത്.ലോകത്തിലെ ആദ്യ പ്രൊഡക്ഷന്‍ റെഡി സോളാര്‍ കാറാണ് ഇത്. ലൈറ്റ്ഇയര്‍ 0 എന്ന് പേരിട്ടിരിക്കുന്ന കാര്‍ ഈ വര്‍ഷം അവസാനം വിപണിയിലെത്തും. 263,000 യുഎസ് ഡോളര്‍ (ഏകദേശം 2.08 കോടി രൂപ) ആണ് കാറിന്റെ വില.
നാലുപേര്‍ക്ക് സഞ്ചരിക്കാവുന്ന ഈ കാറിന് ദിവസവും 70 കിലോമീറ്റര്‍ സൗരോര്‍ജത്തില്‍ മാത്രം സഞ്ചരിക്കാൻ സാധിക്കും . ദിവസവും 35 കിലോമീറ്റര്‍ സഞ്ചരിക്കുന്ന ഒരാള്‍ക്ക് വാഹനം 7 മാസത്തില്‍ ഒരിക്കല്‍ മാത്രം ചാര്‍ജ് ചെയ്താല്‍ മതിയെന്നാണ് കമ്ബനി വ്യക്തമാക്കുന്നത്. കാറിന് മുകളിലാണ് സോളാര്‍ പാനൽ നിർമ്മിക്കുന്നത് . അഞ്ച് സ്ക്വയര്‍ മീറ്റര്‍ സോളാര്‍ പാനല്‍ വര്‍ഷത്തില്‍ 11,000 കിലോമീറ്റര്‍ വരെ സഞ്ചരിക്കാനുള്ള ചാര്‍ജ് ഉണ്ടാക്കാന്‍ സാധിക്കും. സോളാറിനൊപ്പം സാധാരണ ഇലക്ട്രിക് കാറുകളെപ്പോലെ ചാര്‍ജ് ചെയ്തും ലൈറ്റ്ഇയര്‍ 0 ഉപയോഗിക്കാം. ഒരു പ്രാവശ്യം ചാര്‍ജ് ചെയ്താല്‍ 624 കി.മീ റേഞ്ചുണ്ട് വാഹനത്തിന്.
ഫ്യൂച്ചറിസ്റ്റിക്ക് ബോഡി ഡിസൈനാണ് കാറിന്. മനോഹരമായ എന്‍ഇഡി ടെയില്‍ ലാംപുകളും ഹെഡ്ലാംപുമുണ്ട്. പുനര്‍ ഉപയോഗം ചെയ്തതോ ചെയ്യാവുന്നതോ ആയ ഘടകങ്ങള്‍ ഉപയോഗിച്ചാണ് വാഹനത്തിന്റെ ഇന്റീരിയര്‍ നിര്‍മിച്ചിരിക്കുന്നത്. ചെടികളില്‍ നിന്ന് ഉത്പാദിപ്പിക്കുന്ന അപ്ഹോള്‍സറി, പ്ലാസ്റ്റിക് ബോട്ടിലുകളില്‍ നിന്ന് നിര്‍മിച്ച ടെക്സറ്റര്‍, വുഡ് ട്രിമ്മുകള്‍ എന്നിവയുണ്ട്. 10.1 ഇഞ്ച് ടച്ച്സ്ക്രീന്‍ ഇന്‍ഫോടെയിന്‍മെന്റ് സിസ്റ്റമാണ്. ഓവര്‍ ദ എയര്‍ സോഫ്റ്റ്വയര് അപ്ഡേറ്റുകളും അന്‍ഡ്രോയിഡ് ഓട്ടോയും ആപ്പിള്‍ കാര്പ്ലെയുമെല്ലാം വാഹനത്തിലുണ്ട്.
60 കിലോവാട്ട് ബാറ്ററിയും 175 ബിഎച്ച്പി കരുത്തുള്ള ഇലക്ട്രിക് മോട്ടോറുകളുമാണ് വാഹനത്തിന് ഉണ്ടാവുക. 10 സെക്കന്‍ഡു കൊണ്ട് കാറിന് 100 കി.മീ വേഗത കൈവരിക്കാനാവും. മണിക്കൂറില്‍ 160 കിലോമീറ്റര്‍ ആണ് ഉയര്‍ന്ന വേഗത. കൂടാതെ 100 കിലോമീറ്റര്‍ ഹൈവേയിലൂടെ സഞ്ചരിക്കാന്‍ വെറും 10.5 കിലോവാട്ട് കരുത്ത് മാത്രമേ വാഹനം എടുക്കുവെന്നാണ് കമ്ബനി പറയുന്നത്. 2019-ല്‍ ലൈറ്റ്ഇയര്‍ അവതരിപ്പിച്ച പ്രൊട്ടോടൈപ്പിന്റെ പ്രൊഡക്ഷന്‍ മോഡലാണ് ഇത്. വാഹനം ഇപ്പോള്‍ ബുക്ക് ചെയ്യാമെന്നും നവംബര്‍ മുതല്‍ വിതരണം ആരംഭിക്കുമെന്നും കമ്ബനി പറയുന്നു.