കൊച്ചി : സ്വപ്ന സുരേഷിന്റെ രഹസ്യമൊഴിയുടെ പകര്‍പ്പിന് വേണ്ടി ഇനി ഹൈക്കോടതിയെ സമീപിക്കുമെന്ന് സോളാര്‍ കേസ് പ്രതി സരിത എസ്.നായര്‍.
രാജ്യാന്തര ശാഖകളുള്ള ജ്വല്ലറി ഗ്രൂപിനായാണ് സ്വപ്ന സ്വര്‍ണം കടത്തിയതെന്ന് സരിത ആരോപിച്ചു. അതിന്റെ തെളിവുകള്‍ കയ്യിലുണ്ട്. ഇരുപത്തിമൂന്നിന് കോടതിയില്‍ നല്കുന്ന രഹസ്യ മൊഴിയില്‍ ഇക്കാര്യം വ്യക്തമാക്കുമെന്നും സരിത വ്യക്തമാക്കി.
സ്വപ്നയുടെ ആരോപണങ്ങളില്‍ സത്യമുണ്ടെങ്കില്‍ കൂടെ നില്ക്കാന് തയ്യാറാണെന്നും സരിത പറഞ്ഞു. പക്ഷെ ആരോപണങ്ങളൊന്നും തെളിയിക്കാനുള്ള തെളിവ് ഹാജരാക്കാന്‍ സ്വപ്നക്ക് കഴിഞ്ഞിട്ടില്ല.
മുഖ്യമന്ത്രിയെ അനാവശ്യമായി വിവാദത്തിലേക്ക് വലിച്ചിഴക്കുന്നുവെന്നാണ് ജയിലില്‍ വച്ച് സ്വപ്ന തന്നോട് പറഞ്ഞതെന്നും സരിത കൊച്ചിയില്‍ മാധ്യമങ്ങളോട് പറഞ്ഞു. സ്വപ്ന സുരേഷിന്റെ രഹസ്യമൊഴിയുടെ പകര്‍പ്പ് മൂന്നാമതൊരു കക്ഷിക്ക് നല്‍കാനാകില്ലെന്നാണ് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടെ ഉത്തരവ്.