റാന്നി നോളജ് വില്ലേജ്: അട്ടത്തോട് ഗവ. ട്രൈബല്‍ എല്‍പി സ്കൂളിലെ പ്രീ പ്രൈമറി ഉദ്ഘാടനവും പഠനോപകരണ വിതരണവും നിര്‍വഹിച്ചു
പത്തനംതിട്ട : റാന്നി നോളജ് വില്ലേജിന്റെ ഭാഗമായി അട്ടത്തോട് ഗവണ്മെന്റ് ട്രൈബല്‍ എല്‍പി സ്കൂളിലെ പ്രീ പ്രൈമറി ഉദ്ഘാടനവും പഠനോപകരണ വിതരണവും അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ നിര്‍വഹിച്ചു. മികച്ച പഠനനിലവാരം പുലര്‍ത്തി മുന്നേറാന്‍ അട്ടത്തോട് സ്കൂളിലെ ഓരോ വിദ്യാര്‍ഥികള്‍ക്കും സാധിക്കണമെന്ന് എംഎല്‍എ പറഞ്ഞു. സിവില്‍ സര്‍വീസ് പോലുള്ള ഉന്നത സ്ഥാനങ്ങളിലേക്ക് വിദ്യാര്‍ഥികള്‍ എത്തണം. മികച്ച ജോലി ഓരോരുത്തര്‍ക്കും നേടി കൊടുക്കുവാനുള്ള പ്രവര്‍ത്തനങ്ങളാണ് സര്‍ക്കാര്‍ തലത്തില്‍ നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.
അട്ടത്തോട് കോളനിയുടെ വികസനപ്രവര്‍ത്തനങ്ങള്‍ക്ക് രണ്ടു കോടി രൂപയും അട്ടത്തോട് സ്കൂളിന്റെ വികസനത്തിനായി മൂന്ന് കോടി രൂപയും ഇതിനോടകം അനുവദിച്ചിട്ടുണ്ട്. വിദ്യാര്‍ഥികള്‍ക്ക് ആവശ്യമായ പഠനോപകരണങ്ങള്‍ റാന്നി ഫാദേഴ്സ് ഹൗസ് തിയോളജിക്കല്‍ സെമിനാരിയുടെ നേതൃത്വത്തില്‍ വിതരണം ചെയ്തു.
റാന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. ഗോപി അധ്യക്ഷത വഹിച്ച ചടങ്ങില്‍ വാര്‍ഡ് മെമ്പര്‍ മഞ്ജു പ്രമോദ്, പിറ്റിഎ പ്രസിഡന്റ് യമുന സന്തോഷ്, ഫാദേഴ്സ് ഹൗസ് പ്രതിനിധി ജയിംസ് മാത്യു, ജെയിനി മറിയം ജയിംസ്, പമ്പ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ വിപിന്‍ മോഹന്‍, സ്കൂള്‍ ഹെഡ്മാസ്റ്റര് ബിജു തോമസ്, സ്കൂള്‍ അധ്യാപകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.