കൃത്രിമ വാഹനാപകടം സൃഷ്ടിച്ച് കവർച്ച; എട്ടു കണ്ണൂർ സ്വദേശികൾ അറസ്റ്റിൽ

ഇരിട്ടി: കൃത്രിമ വാഹനാപകടം ഉണ്ടാക്കി മലയാളികളായ കാർ യാത്രികരെ കൊള്ളയടിച്ച സംഭവത്തിൽ കണ്ണൂർ സ്വദേശികളായ എട്ടുപേരെ അറസ്റ്റ് ചെയ്ത് വീരാജ്പേട്ട പോലീസ്. ബംഗളൂരുവില്‍നിന്ന് പാനൂരിലേക്ക് വരുകയായിരുന്നവരെ തടഞ്ഞുനിർത്തി കാറിലുണ്ടായിരുന്ന രണ്ടര ലക്ഷത്തോളം രൂപ കവർന്ന് സംഘം കടന്നുകളയുകയായിരുന്നു.

തലശ്ശേരി തിരുവങ്ങാട് കുട്ടിമാക്കൂല്‍ സ്വദേശികളായ ശ്രീചന്ദ് (27), എസ്. ഷെറിന്‍ലാല്‍ (30), ജി. അര്‍ജുന്‍ (32), തിരുവങ്ങാട് സ്വദേശി ഇ.സി. ലനേഷ് (40), ചമ്പാട് സ്വദേശി കെ.കെ. അക്ഷയ് (27), മാനന്തവാടി തായലങ്ങാടി സ്വദേശികളായ എം. ജംഷീര്‍ (29), സി.ജെ. ജിജോ (31) പന്ന്യന്നൂര്‍ സ്വദേശി സി.കെ. ആകാശ് (27) എന്നിവരെയാണ് വീരാജ്പേട്ട ഡിവൈ.എസ്.പിയും സംഘവും അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ ദിവസം പുലർച്ചയോടെയായിരുന്നു കവർച്ച. പാനൂര്‍ സ്വദേശി ഷബിന്‍, സഹോദരൻ ജിതിൻ, ഇദ്ദേഹത്തിന്റെ സുഹൃത്തുക്കളായ ഇർഷാദ്, മുർഷിദ് എന്നിവർ സഞ്ചരിച്ച കാർ തടഞ്ഞുനിർത്തിയാണ് പണം കവർന്നത്. ബംഗളൂരുവില്‍ ഹോട്ടല്‍ നടത്താനായി മടിവാളയില്‍ മുറിനോക്കാന്‍ പോയി തിരിച്ചുവരവേ ആയിരുന്നു കവർച്ച.പിടിയിലായ പ്രതികളില്‍ ചിലര്‍ നേരത്തെയും മോഷണം, അക്രമ കേസുകളില്‍ ഉൾപ്പെട്ടവരാണെന്നും അതിനാൽ തന്നെ കേരള പോലീസുമായി ബന്ധപ്പെട്ട് കൂടുതല്‍ അന്വേഷണം നടത്തേണ്ടതുണ്ടെന്നും വീരാജ്പേട്ട ഡിവൈ.എസ്.പി നിരഞ്ജന്‍ രാജരസ് പറഞ്ഞു.

Leave A Reply