വിവിധ മേഖലകളില്‍ തൊഴില്‍ ഉറപ്പാക്കുന്നതിന് ആവശ്യമായ പരിശീലനം ഉറപ്പാക്കും: മന്ത്രി

തിരുവനന്തപുരം: ലോകത്തെ വിവിധ തൊഴില്‍ മേഖലകളില്‍ ജോലി ഉറപ്പാക്കുന്നതിന് ആവശ്യമായ പരിശീലനം കേരളത്തിലെ യുവതീയുവാക്കള്‍ക്ക് ഉറപ്പാക്കുമെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം.വി. ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു.

നൈപുണ്യം, ഭാഷ, ആശയവിനിമയ ശേഷി എന്നിവയില്‍ ഇവര്‍ക്ക് വേണ്ട പരിശീലനം നല്‍കും. 20 ലക്ഷം പേര്‍ക്ക് തൊഴില്‍ നല്‍കുകയാണ് സര്‍ക്കാരിന്റെ പ്രഖ്യാപിത പദ്ധതി. ഇതിനാവശ്യമായ പ്രവര്‍ത്തനങ്ങളാണ് നടക്കുന്നതെന്ന് മന്ത്രി പറഞ്ഞു. വൈജ്ഞാനിക സമ്പദ്വ്യവസ്ഥയുടെ രൂപീകരണത്തില്‍ പ്രവാസികളുടെ പങ്ക് എന്ന വിഷയത്തില്‍ ലോകകേരള സഭയുടെ ഭാഗമായി നടന്ന ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിദേശ രാജ്യങ്ങളില്‍ ഭാവിയില്‍ ഉണ്ടായേക്കാവുന്ന തൊഴില്‍ മുന്‍കൂട്ടിക്കണ്ട് അതിനാവശ്യമായ പരിശീലനം നല്‍കുന്നതിനുള്ള നയം ഇപ്പോള്‍ തന്നെ രൂപീകരിക്കണമെന്ന് ചര്‍ച്ചയില്‍ അഭിപ്രായമുയര്‍ന്നു. വിദേശ തൊഴില്‍ മേഖലയില്‍ അവസരങ്ങള്‍ക്ക് നൈപുണ്യ ശേഷി പ്രധാനമാണ്. ടൂറിസം, വിദ്യാഭ്യാസ മേഖലകളിലെ തൊഴില്‍ സാധ്യതകള്‍ വര്‍ധിപ്പിക്കണം.

വിദേശ സര്‍വകലാശാലകളുടെ കോഴ്‌സുകള്‍ ഇവിടെ ആരംഭിക്കണം. ഒരു ലക്ഷം തൊഴില്‍ സംരംഭം എന്ന ലക്ഷ്യത്തിലെത്താന്‍ വിദേശ രാജ്യങ്ങളില്‍ ശില്‍പശാലകള്‍ സംഘടിപ്പിക്കണം. പ്രവാസി സംരംഭങ്ങള്‍ക്കായി താലൂക്ക് അടിസ്ഥാനത്തില്‍ സൊസൈറ്റി രൂപീകരിക്കണം. ഇംഗ്‌ളീഷ് പഠനത്തിന്റെ പ്രാധാന്യം ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ എടുത്തുപറഞ്ഞു.

മറ്റു രാജ്യങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളെ ഇവിടേക്ക് ആകര്‍ഷിക്കാന്‍ ആവശ്യമായ നടപടികളുണ്ടാവണം. വിദ്യാര്‍ത്ഥികള്‍ക്ക് വ്യവസായ പരിശീലനം ഉറപ്പാക്കണമെന്നും ചര്‍ച്ചയില്‍ അഭിപ്രായമുണ്ടായി. മന്ത്രിമാരായ പി. പ്രസാദ്, അഹമ്മദ് ദേവര്‍കോവില്‍, എം. എല്‍. എമാര്‍, മറ്റ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Leave A Reply