കോസ്റ്റൽ പോലീസിനെ ബന്ദികളാക്കിയ സംഭവം; 14 മത്സ്യത്തൊഴിലാളികൾ റിമാൻഡിൽ

വിഴിഞ്ഞം: കോസ്റ്റൽ പോലീസിലെ മൂന്ന് ഉദ്യോഗസ്ഥരെ കടലിൽവെച്ച് ബന്ദിയാക്കിയ സംഭവത്തിൽ അറസ്റ്റിലായ മത്സ്യത്തൊഴിലാളികളെ റിമാൻഡു ചെയ്തു. 14 മത്സ്യത്തൊഴിലാളികളെയാണ് റിമാൻഡ് ചെയ്തത്.

കഴക്കൂട്ടം സ്വദേശി ബിനുവിന്റെ സൗഭാഗ്യ എന്ന കോരുവള്ളത്തിലുണ്ടായിരുന്ന പെരുമാതുറ ശാർക്കരയിൽ റാസിമൻസിലിൽ റാസി(39), വലിയവിളാകം വീട് ഫൈസൽ(33), തൈവിളാകം വീട്ടിൽ ഇക്ബാൽ(58), തെരുവിൽ തൈവിളാകം വീട്ടിൽ അൻവർ(36), ബഷീർ(40), കണ്ടക്കടവ് കൊല്ലുരിൽ ഫ്രാൻസിസ്(60), ഫാത്തിമ മൻസിലിൽ അൻസാരി(47), തെരുവിൽ തൈവിളാകം വീട്ടിൽ അബുതാഹിൽ(33), തെരുവിൽ നജീബ്(55), മാഹി മൻസിലിൽ വാഹിദ്(40), റാഫി(42), റസാക്ക്(48) എന്നിവരെയാണ് രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തത്.

നിരോധിത വലയുപയോഗിച്ച് മീൻപിടിക്കുന്ന സംഭവമറിഞ്ഞായിരുന്നു വിഴിഞ്ഞം കോസ്റ്റൽ പോലീസിലെ എ.എസ്.ഐ. ബി.ആർ.അജിത്, സി.പി.ഒ. വിനോദ് വി.വി., വാർഡൻ സൂസൻ മൈക്കിൾ എന്നിവരെത്തിയത്.പോലീസ് ബോട്ടിലെത്തിയ ഉദ്യോഗസ്ഥർ വള്ളം നിർത്താൻ ആവശ്യപ്പെട്ടശേഷം അതിലേക്കു കയറി. തുടർന്ന് വള്ളം വിഴിഞ്ഞത്തേക്കു തിരിച്ചുവിടാൻ ആവശ്യപ്പെട്ടു. എന്നാൽ ഉദ്യോഗസ്ഥരെ ബന്ദിയാക്കിയശേഷം വള്ളത്തെ അഞ്ചുതെങ്ങ് ഭാഗത്തേക്ക് വഴിത്തിരിച്ചുവിടുകയായിരുന്നു. ഇതു തടുക്കാൻ ശ്രമിച്ച എ.എസ്.ഐ. അടക്കമുള്ള ഉദ്യോഗസ്ഥരെ മത്സ്യത്തൊഴിലാളി സംഘം കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.

തുടർന്ന് വിഴിഞ്ഞത്തുനിന്ന് എ.എസ്.ഐ.മാരായ അനിൽ, യേശുദാസൻ, അജയൻ, ഗ്രേഡ് എസ്.ഐ. ഷീജ, സി.പി.ഒ. പ്രസൂൺ, ബിനുലാൽ, സീന, ബിന്ദു എന്നിവരും അഞ്ചുതെങ്ങ് കോസ്റ്റൽ പോലീസ് ഉദ്യോഗസ്ഥരും മറൈൻ എൻഫോഴ്‌സ്‌മെന്റ് എന്നിവരുമെത്തി ബന്ദിയാക്കിയ ഉദ്യോഗസ്ഥരെ മോചിപ്പിക്കുകയായിരുന്നു.

Leave A Reply