മലയാള ഭാഷയേയും പരിഗണിക്കണമെന്ന് എഴുത്തുകാരൻ എൻ.എസ് മാധവൻ

തിരുവനന്തപുരം: ലോക കേരളസഭ മലയാള ഭാഷയേയും പരിഗണിക്കണമെന്ന് എഴുത്തുകാരൻ എൻ.എസ് മാധവൻ പറഞ്ഞു. സഭയിൽ പങ്കെടുക്കാനെത്തിയ അദ്ദേഹം കേരളകൗമുദിയോട് സംസാരിക്കുകയായിരുന്നു. ലോക കേരളസഭയുടെ നയ സമീപന രേഖയിൽ ഭാഷയെ ഉൾക്കൊളളിച്ചിട്ടില്ല. മലയാളം മിഷന് കൂടുതൽ ഫണ്ട് അനുവദിക്കണം. ഇന്ത്യയുടെ ബഹുസ്വര സംസ്‌കാരം വിദേശ സമൂഹത്തിന് മുന്നിൽ അവതരിപ്പിക്കുന്നതിന് കേരളം മുൻകൈയെടുക്കണം. കഴിഞ്ഞ കുറച്ച് കാലങ്ങളായി രാജ്യത്തെ ഒരു പ്രത്യേക പ്രദേശത്തെ സംസ്‌കാരം മാത്രമാണ് കേന്ദ്രം പ്രചരിപ്പിക്കുന്നതെന്നും മാധവൻ പറഞ്ഞു.

ലോക കേരളസഭ പ്രവാസികളുടെ കൂടിച്ചേരലാണ്. ഇത്തരമൊരു പ്ലാറ്റ്ഫോമിലൂടെ പ്രവാസികളുടെ പല വിഷയങ്ങളിലും സർക്കാരിന് ഇടപെടാൻ കഴിയും. യുക്രെയിനിലെ യുദ്ധം ഉൾപ്പെടെയുള്ള പലതരം അപകടങ്ങളിലൂടെയാണ് പ്രവാസികൾ കടന്നുപോകുന്നത്. ഈ സമയത്ത് പ്രവാസികളുമായി നിരന്തരം ബന്ധം പുലർത്താൻ ലോക കേരളസഭ വഴി സർക്കാരിന് സാധിക്കും.

ചിലർ വിമാനം വാങ്ങുന്നത് ധൂർത്താണെന്ന് പറയും. ചിലരാകട്ടെ കെട്ടിടം നിർമ്മിക്കുന്നതും പ്രതിമ പണിയുന്നതും ധൂർത്താണെന്ന് പറയും. അതുപോലെയാണ് ലോകകേരളസഭ ധൂർത്താണെന്ന് പ്രതിപക്ഷം പറയുന്നത്. ഓരോരുത്തരുടെ കാഴ്‌ചപ്പാടാണിതെല്ലാം. യാത്രാ ചെലവ് സ്വന്തമായി വഹിച്ചാണ് പ്രവാസികൾ ലോക കേരളസഭയിൽ പങ്കെടുക്കാനെത്തുന്നത്. അവർക്ക് ആതിഥേയത്വം ഒരുക്കുന്നത് തെറ്റല്ലെന്നും എൻ.എസ്. മാധവൻ പറഞ്ഞു.

Leave A Reply