കൊല്ലം: മോഷണവും പിടിച്ചുപറിയും നടത്തിവന്നയാളെ കൊല്ലം ഈസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തു. ഇരവിപുരം പനമൂട് വള്ളക്കടവ് സൂനാമി ഫ്ലാറ്റിൽ ചട്ടി അപ്പു എന്ന പ്രിൻസ് ജോസഫ് (23) ആണ് അറസ്റ്റിലായത്. 2021 ൽ മുണ്ടക്കൽ എച്ച്.സി േകാമ്പൗണ്ടിൽ അതിക്രമിച്ച് കയറി അന്തർസംസ്ഥാന തൊഴിലാളികളുടെ മൊബൈൽ ഫോണുകളും പണവും അപഹരിച്ച കേസിലെ ഒന്നാം പ്രതിയാണ് ഇയാൾ.
മോഷണസംഘത്തിൽ ഉൾപ്പെട്ട മറ്റ് പ്രതികളെ നേരത്തെ തന്നെ പോലീസ് പിടികൂടിയിരുന്നു. പ്രിൻസ് മുൻകൂർ ജാമ്യത്തിന് ശ്രമിച്ചെങ്കിലും കോടതി നിരസിച്ചതിനെതുടർന്ന് ജില്ല പൊലീസ് മേധാവി ടി. നാരായണന്റെ നിർദേശപ്രകാരമാണ് അറസ്റ്റ് ചെയ്തത്. കൺട്രോൾ റൂം ഇൻസ്പെക്ടർ എസ്.ടി. ബിജു, എസ്.ഐ ജയശങ്കർ, ജി.എസ്.ഐമാരായ പ്രമോദ്, അൻസർഖാൻ, എസ്.സി.പി.ഒ സജീവ്, സി.പി.ഒമാരായ സുനിൽ, അഭിലാഷ് എന്നിവരുൾപ്പെട്ട സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.