എറണാകുളത്ത് ജൂൺ 24 വരെ പ്രത്യേക കോവിഡ് വാക്സിനേഷൻ യജ്ഞം

എറണാകുളം: 60 വയസ്സിന് മുകളിലുള്ള പാലിയേറ്റീവ് കെയർ രോഗികൾ, കിടപ്പുരോഗികൾ, വയോജന മന്ദിരങ്ങളിലുള്ളവർ എന്നിവർക്ക് ഭവന/ സ്ഥാപന സന്ദർശനം നടത്തി കോവിഡ് വാക്സിന്റെ പ്രിക്കോഷൻ ഡോസ് (മുൻകരുതൽ ഡോസ്) നൽകുന്നതിനുള്ള പ്രത്യേക വാക്സിനേഷൻ ക്യാമ്പയിന് ജില്ലയിൽ തുടക്കമായി.തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹായത്തോടെ ഗുണഭോക്താക്കളുടെ വാർഡ് തല ലിസ്റ്റ് തയ്യാറാക്കി ഭവന/സ്ഥാപന സന്ദർശനം വഴിയാണ് ക്യാമ്പയിൻ നടത്തുന്നത്.ജില്ലയിൽ ഇതുവരെ വരെ 60 വയസ്സിനു മുകളിൽ പ്രായമുള്ള 149466 പേർ (22.55%)പേരാണ് കോവിഡ് വാക്സിന്റെ പ്രിക്കോഷൻ ഡോസ് സ്വീകരിച്ചിട്ടുള്ളത്.

പ്രായമായവരും അനുബന്ധ രോഗമുള്ളവരും പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. രണ്ട് ഡോസ് വാക്സിൻ എടുത്തു എന്ന് കരുതി പ്രിക്കോഷൻ ഡോസ് എടുക്കാതെ ഇരിക്കരുത്.അതീവ ഗുരുതരാവസ്ഥയിൽ പോകുന്നവരിലും മരണമടഞ്ഞവരിലും ഭൂരിപക്ഷം പേരും പൂർണമായും വാക്സിൻ എടുക്കാത്തവരും അനുബന്ധ രോഗങ്ങൾ ഉള്ളവരുമാണ്.രണ്ട് ഡോസ് വാക്സിനും പ്രിക്കോഷൻ ഡോസും കൃത്യമായ ഇടവേളകളിൽ എടുത്താൽ മാത്രമേ ഫലം ലഭിക്കുകയുള്ളൂ എന്നതിനാൽ മുൻകരുതൽ ഡോസ് ഉൾപ്പെടെ യഥാസമയം സ്വീകരിച്ച് സുരക്ഷിതരാകേണ്ടതാണ്.

വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറന്നു പ്രവർത്തിക്കുന്ന സാഹചര്യത്തിൽ അർഹരായ എല്ലാ കുട്ടികളും വാക്സിൻ സ്വീകരിച്ചുവെന്ന് ഉറപ്പുവരുത്തേണ്ടതാണ്.കോവിഡ് വാക്സിൻ സ്വീകരിക്കാത്ത കുട്ടികളുടെ വിവരങ്ങൾ സ്കൂൾ തലത്തിൽ ശേഖരിക്കാനും വാക്സിൻ നൽകുന്നതിനുമുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ട്.കൂടാതെ പനി, തലവേദന, ജലദോഷം മുതലായ രോഗലക്ഷണങ്ങൾ ഉള്ള കുട്ടികളെ സ്കൂളിലേക്ക് അയക്കാതെ വീട്ടിൽ തന്നെ നിരീക്ഷണത്തിൽ ഇരുത്തേണ്ടതാണ്. രോഗലക്ഷണങ്ങളുള്ള കുട്ടികളെ ഐസൊലേറ്റ് ചെയ്യുന്നതിന്
സ്കൂളുകളിൽ സിക്ക് റൂം സജ്ജീകരിക്കേണ്ടതാണ്.സംസ്ഥാനത്തെ ഇതര ജില്ലകളെ അപേക്ഷിച്ച് എറണാകുളം ജില്ലയിലാണ് കോവിഡ് കേസുകൾ കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെടുന്നത്. പ്രതിദിനം ശരാശരി 1000 കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്.കോവിഡ് വ്യാപനം തടയാൻ എല്ലാവരും ജാഗ്രത പുലർത്തേണ്ടതാണ്. രോഗ ലക്ഷണങ്ങൾ ഉള്ളവർ അവർ ഉടൻ തന്നെ പരിശോധന നടത്തി ചികിത്സ തേടേണ്ടതാണ്.

പൊതു ഇടങ്ങളിൽ പ്രവേശിക്കുമ്പോൾ മാസ്ക് ധരിക്കാത്തതും സംസാരിക്കുമ്പോൾ മാസ്ക് താഴ്ത്തുന്നതും രോഗവ്യാപനത്തിന് കാരണമാകുന്നതിനാൽ എല്ലാവരും ശരിയായ രീതിയിൽ മാസ്ക് ധരിക്കണം.വീടിനു പുറത്തു പോകുമ്പോൾ കൈകൾ സോപ്പ്/ സാനിറ്റൈസർ ഉപയോഗിച്ച് ഇടയ്ക്കിടെ ശുചിയാക്കേണ്ടതാണ്.ശരിയായ സാമൂഹിക അകലം ഉൾപ്പെടെയുള്ള എല്ലാ കോവിഡ് മാനദണ്ഡങ്ങളും കൃത്യമായി പാലിക്കേണ്ടതാണ്.

Leave A Reply