ജയിൽ ശിക്ഷ കഴിഞ്ഞിറങ്ങിയിട്ട് ഒരാഴ്ച; മോഷ്ടാവ് കവര്‍ച്ചാശ്രമത്തിനിടെ വീണ്ടും പിടിയില്‍

കുളത്തൂപ്പുഴ: ശിക്ഷയ്ക്ക് ശേഷം ഒരാഴ്ച മുമ്പ് മാത്രം ജയിൽ മോചിതനായ മോഷ്ടാവ് കവർച്ചാശ്രമത്തിനിടയിൽ വീണ്ടും പോലീസ് പിടിയിൽ. നിരവധി മോഷണ കേസുകളിലെ പ്രതിയായ ചണ്ണപ്പെട്ട വളപ്പാട്ചതുപ്പിൽ വെള്ളംകുടി ബാബു എന്ന ബാബു(55)ആണ് കഴിഞ്ഞദിവസം രാത്രി കുളത്തൂപ്പുഴ പൊലീസി‍ന്റെ പിടിയിലായത്.

രണ്ടുദിവസം മുമ്പ് കുളത്തൂപ്പുഴ വിഷ്ണു ക്ഷേത്രത്തിലെ പൂജാരിയുടെ ബാഗ്​ കൈക്കലാക്കുകയും സമീപത്ത മറ്റൊരു ക്ഷേത്രത്തിലെ വഞ്ചി കുത്തിത്തുറന്ന് മോഷ്​ടിക്കുകയും ചെയ്തിരുന്നു. ഇതോടെ കുളത്തൂപ്പുഴ പോലീസ് എസ്.ഐ പ്രജീഷ് കുമാറി‍ൻെറ നേതൃത്വത്തിൽ രാത്രികാല പരിശോധന കുളത്തൂപ്പുഴയിൽ ശക്തമാക്കി. കഴിഞ്ഞ ദിവസം രാത്രിയിൽ‍ കുളത്തൂപ്പുഴ മുസ്​ലിം ജുമാമസ്ജിദിന്​ സമീപം സംശയകമായ സാഹചര്യത്തിൽ കണ്ടെത്തിയ ബാബുവിനെ പോലീസ് ചോദ്യംചെയ്യാൻ ശ്രമിക്കുന്നതിനിടയിൽ ഇരുളിലേക്ക് ഓടി മറഞ്ഞെങ്കിലും നിമിഷങ്ങൾക്കകം പിടികൂടുകയായിരുന്നു.

ഇയാളുടെ കൈവശമുണ്ടായിരുന്ന സഞ്ചിയിൽ‍ നിന്നും മോഷണത്തിനുവേണ്ടി ഉപയോഗിക്കുന്ന ഉളിയും പാരയും മറ്റ് ഉപകരണങ്ങളും പോലീസ് കണ്ടെടുത്തു. കടയ്ക്കൽ, ചടയമംഗലം, കുളത്തൂപ്പുഴ, അഞ്ചൽ തുടങ്ങി സമീപ പ്രദേശങ്ങളിലെ നിരവധി സ്റ്റേഷനുകളിൽ ഇയാൾക്കെതിരെ ഒട്ടേറെ കേസുകൾ നിലവിലുണ്ടെന്ന് കുളത്തൂപ്പുഴ പോലീസ് അറിയിച്ചു. മോഷ്ടിക്കാനുള്ള ഉപകരണങ്ങൾ വാങ്ങിയ കടയിൽ എത്തിച്ച്​ പ്രതിയെ വ്യാപാരി തിരിച്ചറിയുകയും ചെയ്തു. എസ്.ഐമാരായ ഷാജഹാൻ, ജഹാംഗീർ, എ.എസ്.ഐ വിനോദ്, സുജിത്ത്, രതീഷ് എന്നിവുടെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Leave A Reply