ഫണ്ടുകളിലെ തിരിമറി വിവാദത്തിൽ സി.പി.എം അച്ചടക്ക നടപടി

കണ്ണൂർ: പയ്യന്നൂരിൽ ധനരാജ് രക്തസാക്ഷി, നിയമസഭ തിരഞ്ഞെടുപ്പ് ഫണ്ടുകളിലെ തിരിമറി സംബന്ധിച്ച വിവാദത്തിൽ പയ്യന്നൂർ എം.എൽ.എ, പരാതിക്കാരൻ ഉൾപ്പെടെ ആറുപേർക്കെതിരെ സി.പി.എം അച്ചടക്ക നടപടി സ്വീകരിച്ചു. പയ്യന്നൂർ എം.എൽ.എ ടി.ഐ. മധുസൂദനനെ ജില്ലാ സെക്രട്ടേറിയറ്രിൽ നിന്ന് ജില്ലാ കമ്മിറ്റിയിലേക്ക് തരംതാഴ്ത്തി. ഫണ്ട് തിരിമറി സംബന്ധിച്ച് പരാതി നൽകിയ പയ്യന്നൂർ ഏരിയ സെക്രട്ടറി വി. കുഞ്ഞികൃഷ്ണനെ തത്‌‌സ്ഥാനത്തുനിന്ന് നീക്കി. സംസ്ഥാന കമ്മിറ്റി അംഗം ടി.വി. രാജേഷിനാണ് താത്കാലിക ചുമതല.

ഏരിയ കമ്മിറ്റി അംഗങ്ങളായ ടി. വിശ്വനാഥൻ, കെ.കെ. ഗംഗാധരൻ എന്നിവരെ ലോക്കൽ കമ്മിറ്റിയിലേക്ക് തരംതാഴ്ത്തി. പയ്യന്നൂർ ഏരിയ കമ്മിറ്റി ഓഫീസ് സെക്രട്ടറി കരിവെള്ളൂർ കരുണാകരൻ,​ കെ.പി.മധു എന്നിവർക്ക് ശാസന. പാർട്ടി നിയോഗിച്ച ടി.വി. രാജേഷിന്റെ നേതൃത്വത്തിലുള്ള അന്വേഷണ കമ്മിഷൻ ആരോപണങ്ങളിൽ കഴമ്പുണ്ടെന്ന് കണ്ടെത്തിയിരുന്നു. തുടർന്ന് ആരോപണ വിധേയർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു.

ഫണ്ടുകൾ കൈകാര്യം ചെയ്യുന്നതിൽ ജാഗ്രത കുറവുണ്ടായെന്ന് കാട്ടിയാണ് എം.എൽ.എക്കെതിരെ നടപടി. ഫണ്ട് തിരിമറി സംബന്ധിച്ച് പാർട്ടിയിൽ ആദ്യമായി പരാതിപ്പെട്ടത് വി. കുഞ്ഞികൃഷ്ണനാണ്. എന്നാൽ, പരാതി പാർട്ടിക്ക് പുറത്തെത്തിച്ചത് വിഭാഗീയതയാണെന്ന് കാട്ടിയാണ് ഇദ്ദേഹത്തിനെതിരെയുള്ള നടപടി. അന്വേഷണ കമ്മിഷൻ റിപ്പോർട്ട് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ സാന്നിദ്ധ്യത്തിൽ കഴിഞ്ഞയാഴ്ച കണ്ണൂർ ജില്ലാക്കമ്മിറ്റി ചർച്ച ചെയ്തിരുന്നു. എം.എൽ.എയ്ക്കെതിരെ പാർട്ടി നടപടി വന്നാൽ സർക്കാരിന്റെ പ്രതിച്ഛായയെ ബാധിക്കുമെന്ന വാദം അന്ന് ഉയർന്നിരുന്നു. പരസ്യനടപടി വേണമെന്നാവശ്യപ്പെട്ട് പയ്യന്നൂരിലെ നേതാക്കൾ ജില്ലാ കമ്മിറ്റിയെ സമീപിച്ചിരുന്നു.

Leave A Reply