ബോട്ടുടമകള്‍ വലകള്‍ പിടിച്ചെടുത്തു

വൈപ്പിന്‍:ഇതരസംസ്ഥാന ഫൈബര്‍ വള്ളങ്ങള്‍ ട്രോളിംഗ് നിരോധന കാലത്ത് കേരള തീരത്ത് അശാസ്ത്രീയ മത്സ്യബന്ധനം നടത്തുന്നതിനെതിരെ ഫിഷറീസ് വകുപ്പ് നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ച് ബോട്ടുടമകള്‍ വള്ളക്കടവില്‍ എത്തി വലകള്‍ പിടിച്ചെടുത്തു.
ഇത് വള്ളങ്ങളിലെ തൊഴിലാളികള്‍ തടയാന്‍ ശ്രമിച്ചത് ചെറിയ സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു. ഇതിനിടെ ചിലര്‍ കൂട്ടത്തിലുണ്ടായിരുന്ന വൈപ്പിന്‍ ഫിഷിംഗ് ബോട്ട് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ സെക്രട്ടറി കെ.പി. സെബാസ്റ്റ്യന്‍, നിര്‍വാഹക സമിതിയംഗം സ്റ്റോയി എന്നിവരെ കൈയേറ്റം ചെയ്തതായും പരാതിയുണ്ട്.

പിടിച്ചെടുത്ത വല ബോട്ടുടമകള്‍ വൈപ്പിന്‍ ഫിഷറീസ് സ്റ്റേഷന്‍ അധികൃതര്‍ക്ക് കൈമാറി. ജില്ലയില്‍ കൊച്ചി, വൈപ്പിന്‍ കാളമുക്ക്, ചെല്ലാനം, മുനമ്പം മേഖലകളിലായി ആയിരത്തില്‍പരം ഇതരസംസ്ഥാന വള്ളങ്ങളാണ് ട്രോളിംഗ് നിരോധനത്തോടനുബന്ധിച്ച് തമ്പടിച്ചിരിക്കുന്നതത്രെ. ഇവരാകട്ടെ നിരോധിച്ച വലകള്‍ ഉപയോഗിച്ചും തോട്ടകള്‍ പൊട്ടിച്ചും കടലില്‍ അശാസ്ത്രീയ മത്സ്യബന്ധനം നടത്തി വരുകയാണെന്ന് ബോട്ടുടമകള്‍ ആരോപിച്ചു. ഇതിനെതിരെ നടപടിയെടുക്കാന്‍ സര്‍ക്കാരോ ഫിഷറീസ് വകുപ്പോ തയാറാവാത്ത സാഹചര്യത്തില്‍ ട്രോളിംഗ് നിരോധനം ലംഘിച്ച് ബോട്ടുകള്‍ കടലില്‍ ഇറങ്ങുമെന്ന് ബോട്ടുടമകള്‍ മുന്നറിയിപ്പ് നല്‍കി.

 

Leave A Reply