കുവൈത്തിലേക്ക് അനധികൃതമായി കടത്താൻ ശ്രമിക്കുന്നതിനിടെ കസ്റ്റംസ് പിടികൂടിയ അഞ്ച് പുരാവസ്തുക്കൾ ഈജിപ്തിന് തിരിച്ചുനൽകി. 2019 തുടക്കത്തിലാണ് കുവൈത്ത് വിമാനത്താവളത്തിൽ ഫറവോനിക് പുരാവസ്തുക്കൾ കണ്ടെത്തിയത്.
കുവൈത്ത് സർവകലാശാല, പോളണ്ട്, ഈജിപ്ത് എന്നിവിടങ്ങളിൽനിന്നുള്ള വിദഗ്ധർ പരിശോധിച്ചാണ് ഇത് സഹസ്രാബ്ദങ്ങൾ പഴക്കമുള്ളതാണെന്ന് വിലയിരുത്തിയത്. രണ്ടെണ്ണം ബി.സി 1400 വരെ പഴക്കമുള്ളതാണെന്ന് കരുതുന്നു.ഈജിപ്ഷ്യൻ എംബസി, കസ്റ്റംസ്, നാഷനൽ കൗൺസിൽ ഫോർ കൾചർ, ആർട്സ് ആൻഡ് ലിറ്ററേച്ചർ തുടങ്ങിയവ സഹകരിച്ചാണ് ഇതുസംബന്ധിച്ച നടപടികൾ ഏകോപിപ്പിച്ചത്.