പ്രവാസികൾക്ക് താമസവും ഭക്ഷണവും നൽകുന്നതാണോ ധൂർത്ത്; എം എ യൂസഫലി

തിരുവനന്തപുരം: ലോക കേരള സഭ വലിയ ധൂർത്താണെന്ന ആക്ഷേപം പാടെ തള്ളി പ്രമുഖ വ്യവസായി എം എ യൂസഫലി. ലാേക കേരള സഭയിൽ പങ്കെടുത്ത് സംസാരിക്കവെയായിരുന്നു അദ്ദേഹം വിമർശനങ്ങളെ തളളിക്കളഞ്ഞത്. പ്രവാസികൾക്ക് താമസവും ഭക്ഷണവും നൽകുന്നതാണോ ധൂർത്ത് എന്നും അദ്ദേഹം ചോദിച്ചു.

‘പ്രവാസികളുടെ കാര്യത്തിൽ പ്രതിപക്ഷവും ഭരണപക്ഷവും ഒന്നിക്കണം. ലോക കേരള സഭക്ക് വന്ന പ്രവാസികൾ സ്വന്തം കാശുകൊണ്ടാണ് ടിക്കറ്റ് എടുത്തത്. പ്രവാസികൾക്ക് താമസവും ഭക്ഷണവും നൽകുന്നതാണോ ധൂർത്ത്? ധൂർത്തെന്ന് ആരോപിച്ച് ആവശ്യമില്ലാത്ത കാര്യങ്ങൾ പെരുപ്പിച്ച് കാണിക്കരുത്. കെ എം സി സി നേതാക്കൾ പരിപാടിയില്‍ പങ്കെടുക്കുന്നു, അവരുടെ നേതാക്കൾ ഇല്ല, അണികൾ ഇല്ലെങ്കിൽ പിന്നെന്ത് നേതാക്കൾ’-യൂസഫലി ചോദിച്ചു.

അതേസമയം യൂസഫലിക്ക് മറുപടിയുമായി പ്രതിപക്ഷ നേതാവ് രംഗത്തെത്തി. ലോക കേരള സഭയിൽ പങ്കെടുക്കേണ്ടെന്നത് പ്രതിപക്ഷത്തിന്റെ കൂട്ടായ തീരുമാനമാണെന്നും നൂറിലധികം പ്രവർത്തകർ പരിക്കേറ്റ് കിടക്കുമ്പോൾ ലോക കേരള സഭയിൽ പങ്കെടുക്കാൻ തക്കവണ്ണം വിശാലമല്ല ഞങ്ങളുടെ മനസ് എന്നാണ് അദ്ദേഹം പറഞ്ഞത്.

ഇന്നലെയാണ് മൂന്നാമത് ലോക കേരള സഭയ്ക്ക് ആരംഭമായത്. ഇത് ബഹിഷ്കരിക്കാൻ പ്രതിപക്ഷം തീരുമാനിക്കുകയായിരുന്നു.

ഇന്നലെ നടന്ന പൊതുസമ്മേളനത്തിലും പ്രതിപക്ഷ നേതാക്കൾ പങ്കെടുത്തില്ല.ധൂർത്തും ആഡംബരവും ഒഴിവാക്കണം, കഴിഞ്ഞ രണ്ട് സഭകളിലും കൈക്കൊണ്ട തീരുമാനങ്ങളുടെ നടത്തിപ്പ് റിപ്പോർട്ട് വേണം, പ്രതിപക്ഷ പ്രവാസി സംഘടനകൾക്ക് മതിയായ പ്രാതിനിദ്ധ്യമുറപ്പാക്കണം തുടങ്ങി പ്രതിപക്ഷനേതാവ് മുന്നോട്ടുവച്ച നിർദ്ദേശങ്ങൾക്ക് മറുപടിയൊന്നും ലഭിക്കാത്തതിനാലാണ് തീരുമാനമെന്നാണ് യു.ഡി.എഫ് കൺവീനർ എം.എം. ഹസ്സൻ പറഞ്ഞത്. എന്നാൽ സഭയിൽ പങ്കെടുക്കാൻ വിവിധ സ്ഥലങ്ങളിൽ നിന്നെത്തിയ യു.ഡി.എഫ് അനുകൂല പ്രവാസി സംഘടനകളുടെ പ്രതിനിധികൾക്ക് വിലക്കുണ്ടാകില്ല.

Leave A Reply