ആശുപത്രിയുടെ സീലിങ്ങ് തകര്‍ന്നു വീണ സംഭവത്തില്‍ വിജിലന്‍സ് അന്വേഷണം വേണമെന്ന് കെ.ബി ഗണേഷ്‌കുമാര്‍ എംഎല്‍എ

കൊല്ലം: പത്തനാപുരം തലവൂര്‍ ആയുര്‍വേദ ആശുപത്രിയുടെ സീലിങ്ങ് തകര്‍ന്നു വീണ സംഭവത്തില്‍ വിജിലന്‍സ് അന്വേഷണം വേണമെന്ന് കെ.ബി ഗണേഷ്‌കുമാര്‍ എംഎല്‍എ ആവശ്യപ്പെട്ടു.അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയിട്ടുണ്ടെന്നും എംഎല്‍എ പറഞ്ഞു. നിര്‍മ്മാണത്തില്‍ അപാകതയുണ്ടെന്ന് നേരത്തെ വിവരം ലഭിച്ചിരുന്നുവെന്നും അതിനാല്‍ ബില്ല് മാറി നല്‍കേണ്ടെന്ന് താന്‍ തന്നെ നിര്‍ദ്ദേശിച്ചിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. ഉന്നത ഉദ്യോഗസ്ഥര്‍ ആശുപത്രിയില്‍ പരിശോധന നടത്തുമെന്നും ആവശ്യമെങ്കില്‍ കോണ്‍ട്രാക്ടറെ കരിമ്ബട്ടികയില്‍ പെടുത്തുമെന്നും ഗണേഷ്‌കുമാര്‍ വ്യക്തമാക്കി.

സംഭവത്തില്‍ ഏത് അന്വേഷണവും നേരിടാന്‍ താന്‍ തയ്യാറാണെന്നും ഗണേഷ് കുമാര്‍ എം.എല്‍.എ പറഞ്ഞു.രണ്ട് മാസം മുമ്ബ് ഉദ്ഘാടനം ചെയ്ത കെട്ടിടമാണ് തകര്‍ന്നത്. രോഗികള്‍ കെട്ടിടത്തില്‍ ഇല്ലാത്തതിനാല്‍ വന്‍ ദുരന്തം ഒഴിവാകുകയായിരുന്നു. മൂന്നു കോടി ചെലവഴിച്ച കെട്ടിടം നിര്‍മ്മിച്ചത് സര്‍ക്കാര്‍ സ്ഥാപനമായ നിര്‍മ്മിതിയായിരുന്നു. ഇന്നലെ രാത്രിയോടെയായിരുന്നു സംഭവം.

അതേസമയം ആശുപത്രിയുടെ നിര്‍മാണത്തില്‍ വന്‍ അഴിമതി നടന്നിട്ടുണ്ടെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. നിര്‍മാണ പ്രവര്‍ത്തനത്തിലെ അപാകതയാണ് സീലിങ്ങ് തകരാന്‍ കാരണമായത് . നിലവാരമില്ലാത്ത നിര്‍മാണ രീതി ഉപയോഗിച്ചു. എം.എല്‍.എ ഫണ്ട് വിനിയോഗിക്കുന്നത് കമ്മീഷന്‍ വ്യവസ്ഥയിലാണ്. വിജിലന്‍സ് അന്വേഷണം വേണമെന്ന് ജ്യോതികുമാര്‍ ചാമക്കാലയും ആവശ്യപ്പെട്ടു.

Leave A Reply