‘സലാറി’ല്‍ പ്രഭാസ് ഡബിള്‍ റോളിലോ?, പുതിയ അപ്‍ഡേറ്റ് അറിയാം..

പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ‘സലാര്‍’. പ്രഭാസ് നായകനാകുന്നു എന്നതുതന്നെ കാത്തിരിപ്പിന്റെ ഒരു പ്രധാന കാരണം. ‘കെജിഎഫി’ലൂടെ രാജ്യത്തെ സ്റ്റാര്‍ സംവിധായകനായ പ്രശാന്ത് നീലാണ് ‘സലാര്‍’ ഒരുക്കുന്നത് എന്നതാണ് മറ്റൊരു കാരണം. ഇപ്പോഴിതാ ‘സലാറി’നെ കുറിച്ചുള്ള ഒരു പുതിയ വാര്‍ത്തയാണ് ആരാധകരെ ആവേശഭരിതരാക്കുന്നത് .

പ്രഭാസ് ഇരട്ട വേഷത്തിലായിരിക്കും ചിത്രത്തില്‍ അഭിനയിക്കുക എന്നാണ് റിപ്പോര്‍ട്ട്. രണ്ട് കാലഘട്ടങ്ങളില്‍ ആയിട്ടുള്ള കഥയായിരിക്കും ചിത്രം പറയുന്നത് എന്നുമാണ് സൂചന. ‘ബാഹുബലി’ എന്ന ഹിറ്റ് ചിത്രത്തില്‍ ഇരട്ട വേഷത്തിലെത്തി മനംകവര്‍ന്ന നായകനാണ് പ്രഭാസ്. ‘ബാഹുബലി’ പോലെ വൻ ഹിറ്റ് തന്നെയായിരിക്കും പൃഥ്വിരാജും അഭിനയിക്കുന്ന ‘സലാര്‍’ എന്നുമാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.

വിജയ് കിരംഗന്ദുറാണ് ചിത്രത്തിന്റെ നിര്‍മാണം. ‘കെജിഎഫ്’ എന്ന ചിത്രത്തിന്റെ ബാനറായ ഹൊംബാളെ ഫിലിംസ് ആണ് ‘സലാറും’ നിര്‍മിക്കുന്നത്. ശ്രുതി ഹാസൻ ആണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. മധു ഗുരുസ്വാമിയാണ് ചിത്രത്തില്‍ പ്രതിനായക വേഷത്തില്‍ അഭിനയിക്കുന്നത്.

ഹൈദരാബാദ് രാമ നായിഡു സ്റ്റുഡിയോസിലായിരുന്നു’ സലാറി’ന്റെ ആദ്യ ഷെഡ്യുള്‍. രവി ബസ്രുറാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. ഭുവൻ ഗൗഡയാണ് ചിത്രത്തിന്റെ ഛായാഗ്രാഹകൻ. പ്രഭാസിന്റെ ‘സലാര്‍’ എന്ന ചിത്രത്തിന്റെ റിലീസ് 2023ലായിരിക്കും.

Leave A Reply