അന്യസംസ്ഥാന തൊഴിലാളികളുടെ താമസസ്ഥലങ്ങളിൽ വ്യാപക പരിശോധന

പയ്യന്നൂർ: കണ്ണൂർ പയ്യന്നൂർ നഗരസഭയുടെ നേതൃത്വത്തിൽ മറുനാടൻ തൊഴിലാളികളുടെ താമസകേന്ദ്രങ്ങളിൽ പരിശോധന ആരംഭിച്ചു. നഗരസഭാ പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായാണ് പരിശോധന.പ്ലാസ്റ്റിക് അടക്കമുള്ള അജൈവമാലിന്യം താമസസ്ഥലത്തുതന്നെ കത്തിക്കുന്നതും ശ്രദ്ധയിൽപ്പെട്ടതാണ് പരിശോധനകളിലേക്ക്‌ നയിച്ചത്.

നഗരസഭാ ചെയർപേഴ്‌സൺ കെ.വി. ലളിതയുടെ നേതൃത്വത്തിലാണ് ആരോഗ്യവിഭാഗം പരിശോധന തുടങ്ങിയത്. തൊഴിലാളി ക്യാമ്പുകളിൽ തൊഴിലാളികൾക്ക് പരിമിതമായ സൗകര്യങ്ങൾ ഒരുക്കി വലിയ തുക വാടകയിനത്തിൽ വാങ്ങുന്നതായി പരിശോധനയിൽ വ്യക്തമായി. താമസകേന്ദ്രങ്ങളിൽ മാലിന്യം അലക്ഷ്യമായി വലിച്ചെറിയുന്നത് സമീപവാസികൾക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നത് ഒഴിവാക്കുന്നതിനുമുള്ള നടപടികൾ സ്വീകരിക്കുമെന്ന് നഗരസഭാ ചെയർപേഴ്‌സൺ അറിയിച്ചു.

അനാരോഗ്യകരമായ ചുറ്റുപാടിൽ തൊഴിലാളികളെ താമസിപ്പിക്കുന്ന കെട്ടിട ഉടമകൾക്കെതിരേ നടപടി സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു. തുടർന്നുള്ള ദിവസങ്ങളിലും നഗരസഭ പരിധിയിലെ മുഴുവൻ അന്യസംസ്ഥാന തൊഴിലാളികളുടെ താമസകേന്ദ്രങ്ങളിൽ പരിശോധന നടത്തുമെന്നും അധികൃതർ അറിയിച്ചു.

Leave A Reply