ചരിത്രത്തിന്റെ ഭാ​ഗമായ ഔഡി 100 സെഡാൻ; തന്റെ ഇതിഹാസ കാർ പുതുക്കി പണിത് രവി ശാസ്ത്രി

തന്റെ പഴയ കാർ ആരും കൊതിക്കുന്ന തരത്തിൽ പുതുക്കിപണിത് പുറത്തിറക്കിയിരിക്കുകയാണ് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവും പരിശീലകനുമായ രവി ശാസ്ത്രി. 1983-ൽ ഇംഗ്ലണ്ടിൽ നടന്ന ലോകകപ്പ് വിജയിച്ച് 2 വർഷത്തിന് ശേഷം1985 ലെ ഓസ്‌ട്രേലിയയിൽ നടന്ന ബെൻസൻ ആൻഡ് ഹെഡ്‌ജസ് വേൾഡ് ചാമ്പ്യൻഷിപ്പിൽ പ്ലെയർ ഓഫ് ദി സീരീസായി രവി ശാസ്ത്രി നാട്ടിലേയ്‌ക്ക് മടങ്ങിയെത്തിയപ്പോൾ സമ്മാനമായി ലഭിച്ച ഔഡി 100 സെഡാൻ എന്ന മോഡൽ കാറും ഒപ്പമുണ്ടായിരുന്നു. വർഷങ്ങൾക്കിപ്പുറം തന്റെ ആ കാർ പുതുക്കി പണിത് പുറത്തിറക്കിയിരിക്കുകയാണ് രവി ശാസ്ത്രി.

രവി ശാസ്ത്രിക്ക് വേണ്ടി കാർ പുതുക്കി പണിത് മനോഹരമാക്കിയത് റെയ്മണ്ട് ​ഗ്രൂപ്പിന്റെ ചെയർമാനും മാനേജിം​ഗ് ഡയറക്ടറുമായ ​ഗൗതം സിം​ഘാനയുടെ കീഴിലുള്ള സൂപ്പർ കാർ ക്ലബ് ​ഗാരേജാണ്. തന്റെ കാർ പുതുക്കി പണിയാനായി രവി ശാസ്ത്രി വർഷങ്ങളോളം അലഞ്ഞു. പല ഷോറുമുകളിലും പോയി. എന്നാൽ ആ മോഡലിന്റെ പാ‍‍ർട്ട്സുകൾ ഒന്നും തന്നെ ലഭിക്കാത്തത് രവി ശാസ്ത്രിയെ നിരാശനാക്കി. അവസാനമാണ് രവി ശാസ്ത്രി കാറുമായി എസ് സി സി ജി ​ഗ്രൂപ്പിനെ സമീപിക്കുന്നത്. കാർ ഏറ്റെടുത്ത എസ് സി സി ജി ​ഗ്രൂപ്പിന് രവി ശാസ്ത്രിയുടെ ആ​ഗ്രഹം സഫലമാക്കാൻ ഒരു വർഷത്തോളം സമയമെടുത്തു. അവസാനം, കഴിഞ്ഞ ദിവസം നടന്ന ച‍ടങ്ങിൽ വച്ച് കാറിന്റെ താക്കോൽ എസ് സി സി ജി ​ഗ്രൂപ്പ് രവി ശാസ്ത്രിക്ക് കൈമാറി.

Leave A Reply