ഒപ്പമെത്താൻ നാലാമങ്കം

രാജ്കോട്ട് : ആദ്യ രണ്ട് മത്സരങ്ങളിൽ പരാജയപ്പെട്ടശേഷം വിശാഖപട്ടത്ത് വിജയം പിടിച്ചെടുത്ത ഇന്ത്യൻ ടീം ഇന്ന് രാജ്കോട്ടിൽ പരമ്പര കൈവിട്ടുപോകാതിരിക്കാൻ നാലാം മത്സരത്തിനിറങ്ങുന്നു. ഇന്ന് കൂടി വിജയം നേടാനായാൽ ഇന്ത്യയ്ക്ക് അഞ്ചുമത്സര പരമ്പരയിൽ 2-2ന് ഒപ്പമെത്താനാകും. ദക്ഷിണാഫ്രിക്കയാണ് ജയിക്കുന്നതെങ്കിൽ അവർ പരമ്പര സ്വന്തമാക്കും.

റിഷഭ് പന്തിന്റെ നേതൃത്വത്തിലിറങ്ങിയ ഇന്ത്യയെ ആദ്യ രണ്ട് മത്സരങ്ങളിലും ദക്ഷിണാഫ്രിക്ക ചേസ് ചെയ്ത് തോൽപ്പിക്കുകയായിരുന്നു. എന്നാൽ വിശാഖപട്ടണത്ത് ദക്ഷിണാഫ്രിക്കൻ ചേസിംഗിന്റെ താളം തെറ്റി. ആദ്യ രണ്ട് മത്സരങ്ങളിലും നിരാശപ്പെ‌ടുത്തിയ സ്പിന്നർ യുസ്‌വേന്ദ്ര ചഹൽ ഫോമിലേക്ക് തിരിച്ചെത്തിയതായിരുന്നു ഇന്ത്യയു‌ടെ വിജയത്തിന് വഴിയൊരുക്കിയത്. ഡൽഹിയിൽ ചഹൽ 26 റൺസേ വഴങ്ങിയിരുന്നുള്ളൂവെങ്കിലും വിക്കറ്റ് വീഴ്ത്താനായില്ല. കട്ടക്കിൽ ഒരുവിക്കറ്റ് വീഴ്ത്തിയെങ്കിലും വിട്ടുകൊടുത്തത് 49 റൺസാണ്.ഈ രണ്ട് മത്സരങ്ങളിലും ദക്ഷിണാഫ്രിക്കയ്ക്ക് ആദ്യമുണ്ടായ വിക്കറ്റ് നഷ്ടങ്ങളെ അതിജീവിച്ച് വിജയത്തിലേക്ക് മുന്നേറാൻ വഴിയൊരുക്കിയത് ചഹൽ ഉൾപ്പടെയുള്ള ബൗളർമാരുടെ ഓവറുകളെ ക്രിയാത്മകമായി നേരിടാനായതാണ്. ഐ.പി.എല്ലിൽ രാജസ്ഥാൻ റോയൽസിനായി കാഴ്ചവച്ചിരുന്നതുപോലൊരു പ്രകടനമാണ് വിശാഖപട്ടണത്ത് ചഹൽ പുറത്തെടുത്തത്. ഇന്ത്യ വിജയത്തിലേക്ക് തിരിച്ചെത്തിയതും ഇൗ പ്രകടനത്തിന്റെ മികവിലാണ്.

Leave A Reply