നിര്‍മ്മിത ബുദ്ധി അടിസ്ഥാനമാക്കിയുള്ള സ്മാര്‍ട്ട് ഫാമിംഗിന് സമാരംഭം

തിരുവനന്തപുരം: ഇ-ക്രോപ്പ് ഉപയോഗിച്ചുള്ള സ്മാര്‍ട്ട് ഫാമിംഗിനെക്കുറിച്ചുള്ള പരിശീലനം സംസ്ഥാന കാര്‍ഷിക വികസന കര്‍ഷക ക്ഷേമ മന്ത്രി പി.പ്രസാദ്  തിരുവനന്തപുരത്തുള്ള ഐ സി എ ആര്‍  – കേന്ദ്ര കിഴങ്ങ് വര്‍ഗ ഗവേഷണ സ്ഥാപനത്തില്‍, ഇ-ക്രോപ്പ് അടിസ്ഥാനമാക്കിയുള്ള സ്മാര്‍ട്ട് ഫെര്‍ട്ടിഗേഷന്‍ സൗകര്യം സമാരംഭിച്ചുകൊണ്ട് ഓണ്‍ലൈനായി നിര്‍വഹിച്ചു.

കര്‍ഷകര്‍ക്ക് സ്മാര്‍ട്ട് സേവനങ്ങള്‍ നല്‍കുമ്പോഴാണ് കര്‍ഷകര്‍ മിടുക്കന്മാരാകുന്നതെന്ന് ഈ സൗകര്യം ഉദ്ഘാടനം ചെയ്തുകൊണ്ട് ബഹുമാനപ്പെട്ട മന്ത്രി പറഞ്ഞു. കര്‍ഷകര്‍ മിടുക്കരാകുമ്പോള്‍ മാത്രമേ കാര്‍ഷിക മേഖലയ്ക്ക് കരുത്ത് ലഭിക്കൂ. ഭക്ഷണം കഴിക്കുന്ന ഓരോ മനുഷ്യനും കൃഷിയുമായി ബന്ധപ്പെട്ടിരിക്കുന്നു. കര്‍ഷകര്‍ നേരിടുന്ന പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഗവണ്മെന്റും  സമൂഹവും ഇടപെടണം. ഒരു സാങ്കേതിക വിദ്യ വികസിപ്പിക്കുമ്പോള്‍ കര്‍ഷകര്‍ക്ക് മുന്‍ഗണന നല്‍കണമെന്ന്  കൃഷിമന്ത്രി പറഞ്ഞു.

കര്‍ഷകരുടെ വരുമാനം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി ഐസിടി പോലുള്ള ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സാങ്കേതികവിദ്യയെ അടിസ്ഥാനമാക്കിയുള്ള ഒരു ഐഒടി ഉപകരണമാണ് ഇലക്ട്രോണിക് ക്രോപ്പ് (ഇ-ക്രോപ്പ്). 2014-ല്‍  ഇന്ത്യയില്‍ ആദ്യമായി ഇത് വികസിപ്പിച്ചെടുത്തത്  സി ടി സി ആര്‍ ഐ യിലെ പ്രിന്‍സിപ്പല്‍ സയന്റിസ്റ്റ് ഡോ. സന്തോഷ് മിത്രയാണ്. ഐസിഎആര്‍- സിടിസിആര്‍ഐ ഡയറക്ടര്‍ ഡോ.എം.എന്‍.ഷീല, ഇന്‍സ്റ്റിറ്റ്യൂട്ട് വികസിപ്പിച്ചെടുത്ത സാങ്കേതികവിദ്യകളെക്കുറിച്ചും പദ്ധതികളെക്കുറിച്ചും  ചടങ്ങില്‍ സംസാരിച്ചു.

ഇ-ക്രോപ്പ് അടിസ്ഥാനമാക്കിയുള്ള സ്മാര്‍ട്ട് ഫാമിംഗ് പദ്ധതിയെക്കുറിച്ച് ഡോ.മിത്ര ലഘുപ്രഭാഷണം നല്‍കി. ന്യൂഡല്‍ഹിയിലെ ഐസിഎആര്‍ അസിസ്റ്റന്റ് ഡയറക്ടര്‍ ജനറല്‍ (ഹോര്‍ട്ടികള്‍ച്ചറല്‍ സയന്‍സസ്) ഡോ. വിക്രമാദിത്യ പാണ്ഡെ മുഖ്യ പ്രഭാഷണം നടത്തി. സാങ്കേതികവിദ്യയുടെ ഫലപ്രദമായ കൈമാറ്റത്തില്‍ മാനുഷിക സ്പര്‍ശനത്തിന്റെ ആവശ്യകത അദ്ദേഹം ഊന്നിപ്പറഞ്ഞു. ഇ-ക്രോപ്പ് ഉപകരണത്തിന്റെ സാങ്കേതികവിദ്യകള്‍ വികസിപ്പിച്ചതിനും ജനകീയമാക്കിയതിനും ഡോ. സന്തോഷ് മിത്രയെ അഭിനന്ദിച്ചു. , സംസ്ഥാന   ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്‍ ഡയറക്ടര്‍ എല്‍.ആര്‍. ആരതി, ഐഇഎസ്  വിശിഷ്ടാതിഥിയായിരുന്നു.

കര്‍ഷകര്‍ക്ക് അവരുടെ വയലുകളില്‍ ഇത്തരം സൗകര്യങ്ങള്‍ സ്ഥാപിക്കുന്നതിന് സാമ്പത്തിക സഹായം നല്‍കാന്‍ മിഷന്‍ തയാറാണെന്നു അവര്‍  പറഞ്ഞു. പരിപാടിയുടെ ഭാഗമായി ഇ-ക്രോപ്പിന്റെ എസ്എംഎസ് സേവനങ്ങള്‍ സമാരംഭിക്കുകയും ‘ഇന്റഗ്രേറ്റഡ് മാനേജ്‌മെന്റ് ഓഫ് മീലി ബഗ്ഗ്‌സ് ഇന്‍ കസാവ’ എന്ന പ്രസിദ്ധീകരണം അവര്‍ പുറത്തിറക്കുകയും ചെയ്തു. പ്രിന്‍സിപ്പല്‍ സയന്റിസ്‌റ് ഡോ. ഷീല ഇമ്മാനുവല്‍  നന്ദി പ്രകാശിപ്പിച്ചു. ഈ പരിപാടിയുടെ ഭാഗമായി നെടുമങ്ങാട് ബ്ലോക്കുകളിലെ അരുവിക്കര, പനവൂര്‍, കരക്കുളം, വെമ്പായം, ആനാട് എന്നീ അഞ്ച് പഞ്ചായത്തുകളിലെ 100 കര്‍ഷകര്‍ക്ക് ഇ-ക്രോപ്പ് അധിഷ്ഠിത സ്മാര്‍ട്ട് ഫാര്‍മിംഗില്‍  പരിശീലനം നല്‍കുകയും ചെയ്തു.

Leave A Reply