പ്രതിഷേധത്തിനിടെ പോലീസുകാരന് പരിക്ക്; മൂന്ന് കോൺഗ്രസ് പ്രവർത്തകർ അറസ്റ്റിൽ

ഒറ്റപ്പാലം: പ്രതിഷേധത്തിനിടെ പ്രബേഷനറി എസ്.ഐക്ക് പരിക്കേറ്റ സംഭവത്തിൽ മൂന്ന് കോൺഗ്രസ് പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു. തോട്ടക്കര സ്വദേശികളായ പ്രദീപ്, മുഹമ്മദ് അൻഷിഫ്, അബൂബക്കർ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഒറ്റപ്പാലം മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതികളെ തുടർന്ന് ജാമ്യത്തിൽ വിട്ടു.

കൊടിമരം തകർത്തെന്നാരോപിച്ച് കഴിഞ്ഞ ദിവസം വൈകീട്ട് 6.30ഓടെ കോൺഗ്രസ് പ്രവർത്തകർ നടത്തിയ പ്രതിഷേധ പ്രകടനത്തിനിടെ പ്രവർത്തകരും പോലീസും തമ്മിൽ സംഘർഷമുണ്ടായി. ഡി.വൈ.എഫ്.ഐയുടെ ഫ്ലക്സ് ബോർഡുകൾ അടിച്ചുതകർക്കാനുള്ള ശ്രമം പോലീസ്‌ തടഞ്ഞതാണ് സംഘർഷത്തിലേക്ക് നയിച്ചത്. ഇതിനിടെയാണ് പ്രബേഷൻ എസ്.ഐ വി.എൽ. ഷിജുവിന്‍റെ മുഖത്ത് പരിക്കേറ്റത്.

Leave A Reply