റോഡ് നിർമാണത്തിൽ അപാകത; പ്രതിഷേധം കടുപ്പിച്ച് ബിജെപി

വടശ്ശേരിക്കര: പത്തനംതിട്ട വടശ്ശേരിക്കരയിൽ റോഡ് നിർമാണത്തിലെ അപാകതയിൽ പ്രതിഷേധം കടുപ്പിച്ച് ബി.ജെ.പി. തകർന്ന പെരുനാട് മടത്തുമൂഴി റോഡ് നവീകരണത്തിനുള്ള ടെൻഡർ നിലനിൽക്കെ പൊതുമരാമത്തുവകുപ്പ് പക്ഷപാതപരമായി പ്രവർത്തിച്ചു എന്നാരോപിച്ചായിരുന്നു ബിജെപി പ്രതിഷേധം.

ബി.ജെ.പി പെരുനാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പ്രതിഷേധ പരിപാടി സംഘടിപ്പിച്ചത്. നാളുകളായി തകർന്ന മടത്തുംമൂഴി പേഴുംപാറ റോഡ് നവീകരിക്കാൻ കരാറായി നാളുകൾ പിന്നിട്ടെങ്കിലും നടപടിയായിട്ടില്ലെന്നും എന്നാൽ, പഞ്ചായത്ത് പ്രസിഡന്‍റിന്‍റെ വീടിരിക്കുന്ന ഭാഗത്തെ 100 മീറ്റർ മാത്രം കരാറുകാരൻ നവീകരിച്ചുകൊടുത്തതിൽ അഴിമതിയുണ്ടെന്നും പരിപാടി ഉദ്​ഘാടനം ചെയ്ത അരുൺ അനിരുദ്ധൻ ആരോപിച്ചു.

ടെൻഡർ അനുസരിച്ച് റോഡ്​ പണിക്ക് മുമ്പ്​ മെറ്റീരിയൽസ് മെഷർമെന്‍റ്​ ചെയ്യേണ്ട നടപടി പാലിക്കാതെ തുടങ്ങിയതിനെതിരെ ബി.ജെ.പി സമരവും നിയമനടപടികളുമായി മുന്നോട്ടുപോകുമെന്ന് ബി.ജെ.പി മണ്ഡലം സെക്രട്ടറി മോഹനൻ മാടമൺ അറിയിച്ചു.

Leave A Reply