റോഡ് കുത്തിപ്പൊളിച്ച് വാട്ടർ അതോറിറ്റി; മല്ലപ്പള്ളിയിൽ അപകടങ്ങൾ വർധിക്കുന്നു

മല്ലപ്പള്ളി: പൈപ്പ് പൊട്ടലിനെ തുടർന്ന് വാട്ടർ അതോറിറ്റിയുടെ നേതൃത്വത്തിൽ നടക്കുന്ന റോഡ് കുത്തിപ്പൊളിക്കൽ മേഖലയിൽ അപകടങ്ങൾ വർധിപ്പിക്കുന്നു.പൈപ്പ് ലൈനുകൾ നന്നാക്കുന്നതിനായി പൊളിക്കുന്ന ഭാഗത്തെ കുഴി നല്ലരീതിയിൽ മൂടാത്തത് പലയിടത്തും അപകടങ്ങൾക്ക്​ ഇടയാക്കുന്നതായി നാട്ടുകാർ പറയുന്നു.

കഴിഞ്ഞദിവസം മല്ലപ്പള്ളി-തിരുവല്ല റോഡിൽ മാർക്കറ്റിലേക്ക് കയറുന്ന ഭാഗത്ത് എടുത്ത കുഴിയിൽ നിരവധിപേരാണ് വീണത്.തുടർന്ന് പ്രദേശവാസികൾ മണ്ണിട്ട് കുഴി മൂടിയെങ്കിലും മഴപെയ്​തതോടെ മണ്ണ് ഒലിച്ചുപോയി കുഴി വീണ്ടും രൂപപ്പെട്ടിരിക്കുകയാണ്. ഉന്നത നിലവാരത്തിൽ ടാറിങ് പൂർത്തിയാക്കിയ റോഡുകളാണ് ഇങ്ങനെ വെട്ടിപ്പൊളിക്കുന്നത്.

കോട്ടയം റോഡിന്‍റെ വശങ്ങളിൽ നിരവധി കുഴികളാണ് ഇത്തരത്തിൽ പൂർണമായും മൂടാത്ത നിലയിലുള്ളത്.പ്രദേശത്ത് അപകടം നിത്യസംഭവമായിട്ടും ബന്ധപ്പെട്ടവരുടെ ഭാഗത്തുനിന്ന് ഒരു​ നടപടിയും ഉണ്ടാകുന്നില്ല.

Leave A Reply