താലൂക്ക് ആശുപത്രി കാടുകയറിയ നിലയില്‍

തിരുവല്ല: പത്തനംതിട്ട തിരുവല്ല താലൂക്ക് ആശുപത്രി കാടുകയറിയ നിലയില്‍. നൂറുകണക്കിന് രോഗികള്‍ ദിവസേന വന്നുപോകുന്ന ആശുപത്രിയിലാണ് ഈ അവസ്ഥ. പൊട്ടിയൊലിക്കുന്ന സെപ്റ്റിക് ടാങ്ക്, വഴിയില്‍ വെള്ളക്കെട്ട്, വൃത്തിഹീനമായ പരിസരങ്ങള്‍.

താലൂക്ക് ആശുപത്രിയുടെ നിലവിലെ അവസ്ഥയില്‍ നാട്ടപകാര്‍ അസ്വസ്ഥരാണ്. മഴക്കാലത്തിന് മുമ്പ് പരിസരമെല്ലാം ശുചീകരിച്ച് ബോധവല്‍ക്കരണം നടത്തുന്ന ആരോഗ്യ വകുപ്പ് അധികൃതര്‍ ആശുപത്രി നേരെ കണ്ണടയ്ക്കുകയാണ് . ആശുപത്രിയിലെ ഒ.പി. വിഭാഗം പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന് മുന്നിലും സമീപത്തെ പഴയ കെട്ടിടത്തിലേക്കും കാടുപടര്‍ന്നു പിടിച്ചു. ഇവിടെയാണ് കുട്ടികള്‍ക്കായി കളിക്കോപ്പുകളും സ്ഥാപിച്ചിട്ടുള്ളത്. ഈ കെട്ടിടത്തിന് മുകളിലാണ് ഡിസ്ട്രിക്ട് ഏര്‍ലി ഇന്റെര്‍വെന്‍ഷന്‍ സെന്ററും പ്രവര്‍ത്തിക്കുന്നത്. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും നിരവധി കുട്ടികളാണ് കൗണ്‍സലിംഗിനും മറ്റുമായി ദിവസവും ഇവിടെ എത്തിച്ചേരുന്നത്. ഇവിടേക്ക് കയറാനുള്ള കോണിപ്പടികളുടെ ചുറ്റുപാടും കാടുകയറിയ നിലയിലാണ്. ഇഴജന്തുക്കളുടെ ശല്യമുണ്ടെന്നും രോഗികള്‍ പറയുന്നു. അടുത്തിടെ കൂറ്റന്‍മരം മുറിച്ച് നീക്കിയതിന്റെ അവശിഷ്ടങ്ങളും ഇവിടെയുണ്ട്.

 

Leave A Reply