വിമാനക്കമ്പനിയായ ഇൻഡിഗോയുടെ റിപ്പോർട്ട് പുറത്ത്

തിരുവനന്തപുരം: മുഖ്യമന്ത്രി​ക്കെതിരെ വിമാനത്തിലുണ്ടായ പ്രതിഷേധത്തിൽ വിമാനക്കമ്പനിയായ ഇൻഡിഗോയുടെ റിപ്പോർട്ട് പുറത്ത്. മുഖ്യമന്ത്രിക്കെതിരെ മൂന്ന് പേർ പാഞ്ഞടുത്തതായി ഇൻഡിഗോ തിരുവനന്തപുരം മാനേജർ വിജിത്ത് പൊലീസിന് നൽകിയ റിപ്പോർട്ടിൽ പറയുന്നു. ഇ.പി. ജയരാജന്റെ പേര് ഒഴിവാക്കിയാണ് റിപ്പോർട്ട് നൽകിയത്.

റിപ്പോർട്ടിൽ ദുരൂഹതയുള്ളതായി ചൂണ്ടിക്കാട്ടി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഇൻഡിഗോ ദക്ഷിണേന്ത്യൻ മേധാവിക്ക് പരാതി നൽകി. കണ്ണൂരിൽ നിന്ന് വിമാനം തിരുവനന്തപുരത്ത് ഇറങ്ങിയ ശേഷമാണ് പ്രതിഷേധമുണ്ടായത്. എട്ട് എ, എട്ട് സി, എഴ് ഡി സീറ്റിലെ യാത്രക്കാർ മു​ദ്രാവാക്യവുമായി മുഖ്യമന്ത്രിക്ക് നേരെ പാഞ്ഞടുത്തു. മുഖ്യമന്ത്രിയോടൊപ്പം യാത്രചെയ്ത ഒരാൾ ഇവരെ തടഞ്ഞെന്നും റിപ്പോർട്ടിലുണ്ട്. റിപ്പോർട്ടിൽ ഒരിടത്തും പ്രതിഷേധക്കാരെ തള്ളിയിട്ട ഇ.പി ജയരാജന്റെ പേരോ സീറ്റ് നമ്പറോ പരാമർശിച്ചിട്ടില്ല.

ഇൻഡിഗോയുടെ റിപ്പോർട്ട് രാഷ്ട്രീയ പ്രേരിതമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ കുറ്റപ്പെടുത്തി. ഇക്കാര്യം ചൂണ്ടിക്കാട്ടി ഇൻഡിഗോ ദക്ഷിണേന്ത്യൻ മേധാവിക്ക് പരാതി നൽകി.

കണ്ണൂർ സ്വദേശിയായ ഇൻഡിഗോ തിരുവനന്തപുരം മാനേജറുടെ റിപ്പോർട്ടിൽ രാഷ്ട്രീയ ഇടപെടലുകൾ നടന്നിട്ടുണ്ട്. മുഖ്യമന്ത്രി ഇറങ്ങിയ ശേഷമാണ് പ്രതിഷേധം നടന്നതെന്ന് ഇ.പി. ജയരാജനും കോടിയേരി ബാലകൃഷ്ണനും പറഞ്ഞിട്ടുണ്ട്. പിന്നെ എങ്ങനെയാണ് മുഖ്യമന്ത്രിക്ക് നേരെ പാഞ്ഞടുത്തുവെന്ന വാചകം റിപ്പോർട്ടിൽ ഉൾപ്പെട്ടതെന്ന് സതീശൻ ചോദിച്ചു.

Leave A Reply