കൊച്ചി: പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്ക് രാജ്യത്തുടനീളം സംഘടിപ്പിച്ച പരിസ്ഥിതി വാരാഘോഷത്തിന് സമാപനം. ജൂൺ 6 മുതൽ 14 വരെ നടന്ന വാരാഘോഷത്തിൻറെ സമാപന സമ്മേളനം ബാങ്കിന്റെ എംഡിയും സിഇഒയുമായ കെ. പോൾ തോമസ് ഉദ്ഘാടനം ചെയ്തു. പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ബാങ്കിൻറെ എല്ലാ ശാഖകളിലുമായി ഒരുലക്ഷ൦ വൃക്ഷതൈകൾ നട്ടു.
സാമൂഹിക, സാമ്പത്തിക, മൂലധന നിക്ഷേപങ്ങൾ പരിസ്ഥിതി സൗഹാർദ പരമാകണമെന്നും ഇതിനായി ഇസാഫ് ത്രിതല സംവിധാനമാണ് ഒരുക്കിയതെന്നും കെ. പോൾ തോമസ് പറഞ്ഞു. ചടങ്ങിൽ ഗ്ലോബൽ അലയൻസ് ഫോർ ബാങ്കിങ് ഓൺ വാല്യൂസ് എക്സിക്യൂട്ടീവ് ഡയറക്ടർ മാർട്ടിൻ റോഹ്നർ മുഖ്യാതിഥിയായിരുന്നു. പരിസ്ഥിതിയെ കൂടി ഉൾപ്പെടുത്തുന്ന ഇസാഫിൻറെ ബാങ്കിങ് സംസ്കാരം അഭിനന്ദനാർഹമാണെന്ന് മാർട്ടിൻ റോഹ്നർ പറഞ്ഞു. ഇലക്ട്രിക് ബൈക്കുകൾ, സോളാർ ഉൽപന്നങ്ങൾ തുടങ്ങി പരിസ്ഥിതി സൗഹൃദ ഉൽപന്നങ്ങൾ ഉൾപ്പെടുത്തിയുള്ള ഗ്രീൻ എക്സ്പോകളും ശാഖകളിൽ സംഘടിപ്പിച്ചു.
പ്രകൃതി സംരക്ഷണം ജീവിതലക്ഷ്യമാക്കിയ ആളുകളെ വാരാഘോഷത്തിൻറെ ഭാഗമായി ഇസാഫ് ആദരിച്ചു. വേമ്പനാട്ട് കായൽ ശുചീകരണത്തിന് വൈകല്യങ്ങളെല്ലാം മറന്ന് മുന്നിട്ടിറങ്ങിയ ആലപ്പുഴ സ്വദേശി എൻ.എസ്. രാജപ്പൻ, 32 ഏക്കറോളം വനഭൂമിയായി സംരക്ഷിക്കുന്ന കാസർഗോഡ് സ്വദേശി അബ്ദുൽ കരീം, കർഷക തിലകം പുരസ്കാരം നേടിയ സ്വപ്ന സിബി, വൃക്ഷ മനുഷ്യൻ എന്നറിയപ്പെടുന്ന നാഗ്പൂരിലെ ബാബ ദേശ് പാണ്ഡെ എന്നിവരെയാണ് ആദരിച്ചത്. പ്രകൃതിചൂഷണം മൂലം മനുഷ്യരാശിയുടെ നിലനിൽപ്പുതന്നെ അപകടത്തിലാകുന്ന ഇക്കാലത്ത്, പ്രതിസന്ധികൾ തരണം ചെയ്തുള്ള ഇവരുടെ പ്രവർത്തനങ്ങൾ അമൂല്യമാണ്.
കർമ്മനിരതരായ ഇത്തരം ആളുകളെ കണ്ടത്താനും അവരുടെ പ്രവർത്തനങ്ങളെ അംഗീകരിക്കാനും ഇസാഫ് ബാങ്ക് പ്രതിജ്ഞാബദ്ധരാണ്. സമാപന ചടങ്ങിൽ ഗ്ലോബൽ അലയൻസ് ഫോർ ബാങ്കിങ് ഓൺ വാല്യൂസ് പ്രാദേശിക പ്രതിനിധി ഉപേന്ദ്ര പൊതുവാൾ, ബാങ്കിന്റെ എക്സിക്യൂട്ടീവ് വൈസ് പ്രസിണ്ടന്റുമാരായ ജോർജ്ജ് കെ. ജോൺ, ഹരി വെള്ളൂർ, ജോർജ് തോമസ്, സസ്റ്റൈനബിൾ ബാങ്കിങ് മേധാവി റെജി കോശി ഡാനിയേൽ, ഇസാഫ് ഫിനാൻഷ്യൽ ഹോൾഡിങ്സ് മാനേജിങ് ഡയറക്ടർ മെറീന പോൾ തുടങ്ങിയവർ പ്രസംഗിച്ചു.