പട്ടയ വിതരണത്തില്‍ പ്രതിഫലിക്കുന്നത് സര്‍ക്കാരിന്റെ ഇച്ഛാശക്തി; മന്ത്രി കെ.രാജന്‍

വയനാട് ജില്ലയിലെ പട്ടയ വിതരണത്തില്‍ പ്രതിഫലിക്കുന്നത് സര്‍ക്കാരിന്റെ നിശ്ചയദാര്‍ഢ്യവും ഇച്ഛാശക്തിയുമാണെന്ന് റവന്യൂ മന്ത്രി കെ.രാജന്‍ പറഞ്ഞു. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം മാത്രം ഇന്ന് വിതരണം ചെയ്ത 802 പട്ടയങ്ങള്‍ ഉള്‍പ്പെടെ 1739 പട്ടയങ്ങള്‍ വയനാട് ജില്ലയില്‍ വിതരണം ചെയ്യാനായത് ഒരു റെക്കോര്‍ഡാണ്. ഈ പട്ടയ ഫയലുകളെല്ലാം വര്‍ഷങ്ങളായി വിവിധ നിയമ കുരുക്കിലും മറ്റു പ്രശ്‌നങ്ങളിലുമായി തീര്‍പ്പാകാതെ കിടന്നവയാണ്. എല്ലാവര്‍ക്കും ഭൂമി എല്ലാ ഭൂമിക്കും രേഖ എല്ലാ സേവനങ്ങളും സ്മാര്‍ട്ട് എന്ന സര്‍ക്കാര്‍ ലക്ഷ്യം പൂര്‍ത്തീകരിക്കുന്നതിന്റെ ഭാഗമായി വിവിധ വകുപ്പ് മന്ത്രിമാരുമായി നടത്തിയ ചര്‍ച്ചകളുടേയും ഇടപെടലുകളുടേയും അടിസ്ഥാനത്തിലാണ് ഈ മഹത്തായ നേട്ടം കൈവരിക്കാനായത്.

മാനന്തവാടി താലൂക്കിലെ പാരിസണ്‍ എസ്റ്റേറ്റിന്റെ മിച്ചഭൂമി ഏറ്റെടുത്ത് പട്ടയം നല്‍കല്‍, തിരുനെല്ലി വില്ലേജിലെ നരിക്കല്‍ മിച്ചഭൂമി കൈവശക്കാര്‍ക്ക് പട്ടയം നല്‍കല്‍, സുല്‍ത്താന്‍ ബത്തേരി അമ്പലവയല്‍ വില്ലേജിലെ ചീങ്ങേരി ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ സ്‌കീമില്‍ ഉള്‍പ്പെട്ട കൈവശക്കാര്‍ക്ക് പട്ടയം നല്‍കല്‍ തുടങ്ങിയവയായിരുന്നു പതിറ്റാണ്ടുകള്‍ പഴക്കമുള്ളതും പരിഹരിക്കപ്പെടേണ്ടതുമായിട്ടുള്ളതുമായ വിഷയങ്ങള്‍. ഇവ തീര്‍പ്പാക്കുന്നതിന് ഈ സര്‍ക്കാര്‍ അധികാരമേറ്റതു മുതല്‍ നടത്തിയ ചിട്ടയായ പ്രവര്‍ത്തനങ്ങളാണ് നടത്തിയത്. ഭൂമി സര്‍വ്വെ ചെയ്ത് റിക്കാര്‍ഡുകള്‍ തയ്യാറാക്കുന്നതിന് സര്‍വ്വെയര്‍മാരുടെ കുറവായിരുന്നു തടസ്സങ്ങളില്‍ പ്രധാനം. ആവശ്യമായ സര്‍വ്വെയര്‍മാരേയും സര്‍വ്വെ ഉപകരണങ്ങളും അനുവദിക്കുന്നതിനും സമയബന്ധിതമായി സര്‍വ്വെ നടപടികള്‍ പൂര്‍ത്തീകരിക്കുന്നതിനും സര്‍വ്വെ ഡയറക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കി.

കോടതി വ്യവഹാരങ്ങളില്‍പെട്ട് കിടന്ന കേസുകള്‍ അടിയന്തിരമായി തീര്‍പ്പാക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കുന്നതിന് ജില്ലാ ഭരണകൂടം വഹിച്ച പങ്കും നിസ്ഥൂലമാണ്. എം.എല്‍ എ മാര്‍ അടക്കമുള്ള ജനപ്രതിനിധികളും വില്ലേജ് ഓഫീസര്‍മാര്‍ വരെയുള്ള റവന്യൂ ഉദ്യോഗസ്ഥരും ഇക്കാര്യത്തില്‍ വഹിച്ച പങ്ക് എടുത്ത് പറയേണ്ടതാണ്. ഇനിയും പരിഹരിക്കേണ്ടതായി കുറച്ച് ഭൂപ്രശ്‌നങ്ങള്‍ കൂടി സര്‍ക്കാരിന്റെ ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. 1976 മുതല്‍ നിലനില്‍ക്കുന്ന കല്‍പ്പറ്റയിലെ വുഡ്‌ലാന്റ് എസ്റ്റേറ്റ് എച്ചീറ്റ് ഭൂമി പ്രശ്‌നമാണ് അതിലൊന്ന്. ഈ പ്രശ്‌നം പരിഹരിക്കുന്നതിനുള്ള ശ്രമങ്ങള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നടത്തി വരുന്നു. ഇതിനു വേണ്ടി പ്രത്യേക സര്‍വ്വെ ടീമിനെ തന്നെ നിയോഗിച്ചിട്ടുണ്ട്. അത്തരത്തില്‍ ഇനി പരിഹരിക്കാനുള്ള മറ്റ് ഭൂ പ്രശ്‌നങ്ങളും പരിഹരിച്ച് മുഴുവന്‍ പേര്‍ക്കും പട്ടയം നല്‍കുന്നതിനും സര്‍ക്കാര്‍ പ്രഥമ പരിഗണന നല്‍കും.

Leave A Reply