ഇരിണാവില്‍ ഒരുങ്ങുന്നു തണ്ണീര്‍പന്തല്‍

ദീര്‍ഘയാത്രക്കിടയില്‍ ക്ഷീണമകറ്റാന്‍ തണ്ണീര്‍പന്തല്‍ ഒരുങ്ങുന്നു. പിലാത്തറ-പാപ്പിനിശ്ശേരി കെ എസ് ടി പി റോഡ് യാത്രക്കിടയില്‍ വിശ്രമിക്കാന്‍ ഇരിണാവിലാണ് തണ്ണീര്‍ പന്തല്‍ നിര്‍മ്മിക്കുന്നത്.

കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് 2021-22 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് ഇരുനില കെട്ടിടത്തിന്റെ നിര്‍മാണം. ബ്ലോക്ക് പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്താണ് ടേക്ക് എ ബ്രേക്ക് മാതൃകയില്‍ തണ്ണീര്‍ പന്തല്‍ ഒരുക്കുക. 70 ലക്ഷം രൂപ ചെലവില്‍ നിര്‍മാണ പ്രവൃത്തി പുരോഗമിക്കുകയാണ്. കഫെറ്റീരിയ, ഡൈനിങ്ങ് ഏരിയ, സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും പ്രത്യേകം വാഷ് ഏരിയ, രണ്ട് വീതം ടോയ്ലറ്റ്, റെസ്റ്റോറന്റ്, ബാത് അറ്റാച്ച്ഡ് സൗകര്യം ഉള്ള വിശ്രമകേന്ദ്രം എന്നിവയാണ് ഉണ്ടാവുക.

ദീര്‍ഘദൂര യാത്രക്കാര്‍ക്ക് ഈ സൗകര്യങ്ങള്‍ ഏറെ ആശ്വാസമാകും. കെ എസ് ടി പി റോഡിലെ അപകട സാധ്യതകള്‍ കുറക്കുകയും ദീര്‍ഘദൂര യാത്രക്കാരുടെ സുരക്ഷ ഉറപ്പുവരുത്തുകയുമാണ് ലക്ഷ്യമെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി പി ഷാജിര്‍ പറയുന്നു. യാത്രക്കാര്‍ക്ക് മികച്ച ശുചിത്വ, ഭക്ഷണ സൗകര്യങ്ങള്‍ ഉറപ്പുവരുത്തും. അതോടൊപ്പം കഫെറ്റീരിയയുടെ നടത്തിപ്പിന് സംരംഭകര്‍ക്ക് അവസരവും നല്‍കും. അത്യാവശ്യ ഘട്ടത്തില്‍ യാത്രക്കാര്‍ക്ക് താമസ സൗകര്യം ഒരുക്കാനും ബ്ലോക്ക് പഞ്ചായത്ത് ആലോചിക്കുന്നുണ്ട്.

Leave A Reply