ലോക കേരള സഭ കൊണ്ട് സമൂഹത്തിന് എന്ത് നേട്ടം? ചോദ്യത്തിന് വ്യക്തമായ ഉത്തരമില്ലാതെ സ്പീക്കറും നോര്‍ക്ക റൂട്സ് വൈസ് ചെയര്‍മാനും
തിരുവനന്തപുരം: കൊട്ടിഘോഷിച്ച് കോടികള്‍ ചെലവഴിച്ചു രണ്ട് തവണ നടത്തിയ ലോക കേരള സഭ കൊണ്ട് സമൂഹത്തിന് എന്ത് നേട്ടമുണ്ടായി എന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരമില്ലാതെ സ്പീക്കറും നോര്‍ക്ക റൂട്സ് വൈസ് ചെയര്‍മാനും. കൊവിഡും യുക്രൈന് യുദ്ധവും പ്രളയാനന്തര സഹായവും അടക്കം ഒരുപാട് കാര്യങ്ങള്‍ ചെയ്തെന്ന് സ്പീക്കര്‍ ആമുഖമായി പറഞ്ഞെങ്കിലും ചോദ്യങ്ങള്‍ക്ക് വ്യക്തമായ മറുപടി കിട്ടിയില്ല.
പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം രണ്ട് തവണയാണ് ആര്‍ഭാടമായി ലോക കേരളാ സഭ ചേര്‍ന്നത്. വലിയ വിവാദവും പ്രതിപക്ഷത്തിന്റെ വിട്ടുനില്‍ക്കലും എല്ലാം കേരളം കണ്ടു. ലോകത്തെമ്പാടുമുള്ള പ്രവാസികളില്‍ നിന്ന് തെരെഞ്ഞെടുത്ത് കേരളത്തിലെത്തിച്ചവര്‍ പ്രളയാനന്തര നിര്‍മ്മാണ പ്രവര്‍ത്തനങ്ങളിലും കൊവിഡ്-യുക്രൈൻ യുദ്ധം കാലങ്ങളിലും സംസ്ഥാന സര്‍ക്കാരിന്റെ ഇടപെടലുകളില്‍ പിന്തുണ നല്‍കിയിട്ടുണ്ടെന്ന് സ്പീക്കര്‍ പറയുന്നു . എന്നാല്‍, ഇതൊക്കെ നേരത്തെയും ചെയ്തവരാണല്ലോ നമ്മുടെ പ്രവാസികള്‍ എന്നാണ് ഉയരുന്ന ചോദ്യം.
ലോക കേരളാ സഭ ചേര്‍ന്നതിന്റെ ഭാഗമായി പ്രളയം, കൊവിഡ്, യുദ്ധ സമയത്തെല്ലാം ഒരു പാട് കാര്യങ്ങള്‍ ചെയ്തു എന്ന് പറയുന്നതല്ലാതെ ഒരു വ്യക്തത വരുത്താന്‍ മൂന്ന് പേര്‍ക്കുമായില്ല. മൂന്നാം ലോക കേരള സഭയും ആര്‍ഭാടമായി തന്നെ ഇത്തവണയും നടക്കാനിരിക്കെയാണ് ഇതുവരെയുള്ള ലോക കേരള സഭ എന്തു നൽകിയെന്ന ചോദ്യമുയരുന്നത്.അതേസമയം ലോക കേരള സഭയുടെ മൂന്നാം സമ്മേളനത്തിന് ഇന്ന് തുടക്കമാകും. പൊതുസമ്മേളനം വൈകീട്ട് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സമ്മേളനം ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയൻ അധ്യക്ഷനാകും. പ്രവാസികളുമായി ബന്ധപ്പെട്ട എട്ട് വിഷയങ്ങളിൽ രണ്ട് ദിവസമായാണ് ചർച്ച. സമ്മേളനത്തിനായി നാല് കോടി രൂപയാണ് സർക്കാർ നീക്കിവച്ചിരിക്കുന്നത്.