അസറ്റ് മാപ്പിങ്ങിൽ മാതൃകയായി ചേരാനെല്ലൂർ പഞ്ചായത്ത്‌

എറണാകുളം: ജില്ലയിലെ ത്രിതല പഞ്ചായത്തുകളും തങ്ങളുടെ ഉടമസ്ഥതയിലുള്ള സ്ഥലങ്ങളുടെയും ആസ്തികളുടെയും വിവര ശേഖരണം നടത്താനൊരുങ്ങുമ്പോൾ ജില്ലക്ക് മാതൃകയായി മാറുകയാണ് ചേരാനെല്ലൂർ ഗ്രാമ പഞ്ചായത്ത്‌. പഞ്ചായത്ത്‌ അധികൃതർ തങ്ങളുടെ കീഴിൽ വരുന്ന എല്ലാ ആസ്തികളിടെയും വിവരങ്ങൾ ശേഖരിക്കുകയും ആസ്തിയുടെ രജിസ്റ്റർ തയ്യാറാക്കുകയും ചെയ്തു കഴിഞ്ഞു.

പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള റോഡുകൾ, തരിശായ ഭൂമി, കെട്ടിടങ്ങൾ, നിർമിതികൾ തുടങ്ങി എല്ലാ വിവരങ്ങളും അസറ്റ് മാപ്പിങ്ങിൽ ഉൾപെടുത്തിയിട്ടുണ്ട്. പഞ്ചായത്തിന്റെ വസ്തുക്കളിലുള്ള കയ്യേറ്റം തടയുന്നതിനു പുറമെ ആസ്തിയുടെ കൃത്യമായ പരിപാലനത്തിനും ഇത് സഹായകമാകുമെന്നാണ് പ്രതീക്ഷ. ആസ്തിയുടെ കൃത്യമായ വിവരങ്ങൾ എളുപ്പത്തിൽ പരിശോധിക്കുന്നതിനായി വാർഡ് തലത്തിൽ മാപ്പുകളും തയ്യാറാക്കിയിട്ടുണ്ട്.

ചേരാനെല്ലൂർ ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ. ജി രാജേഷിന്റെ നേതൃത്വത്തിലുള്ള ഭരണ സമിതി ഒറ്റക്കെട്ടായി നിന്നാണ് ആസ്തി വിവര ശേഖരണത്തിനുള്ള സഹായങ്ങൾ ഒരുക്കിയത്. 2022-23 സാമ്പത്തിക വർഷം ജില്ലയിലെ എല്ലാ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളും അസറ്റ് മാപ്പിങ്ങ് നടത്താനുള്ള തീരുമാനത്തിലാണ്.

Leave A Reply