ഒമാനിൽ റിയാലിന്റെ വിനിമയ നിരക്ക് തിങ്കളാഴ്ച മുതൽ വീണ്ടും പുതിയ ഉയരങ്ങളിൽ. തിങ്കളാഴ്ച ഒരു റിയാലിന് 203 രൂപ എന്ന നിരക്ക് വരെ എത്തിയിരുന്നു. എന്നാൽ, തിങ്കളാഴ്ച ക്ലോസിങ് നിരക്കായി ഒമാനിലെ വിനിമയ സ്ഥാപനങ്ങൾ നൽകിയത് റിയാലിന് 202.15 രൂപ എന്ന നിരക്കാണ്. ചൊവ്വാഴ്ചയും സമാന നിരക്കു തന്നെയാണ് വിനിമയ സ്ഥാപനങ്ങൾ നൽകുന്നത്.
ചൊവ്വാഴ്ച ഒരു റിയാലിന് 202.10 രൂപയാണ് ക്ലോസിങ് നിരക്ക്. കഴിഞ്ഞ മേയ് 15 മുതൽ റിയാലിന്റെ വിനിയ നിരക്ക് 200 രൂപ കടന്നിരുന്നു. മാർച്ച് എട്ടിന് 200 രൂപ എന്ന നിരക്കിന് തൊട്ടടുത്ത് എത്തിയിരുന്നെങ്കിലും വിനിമയ നിരക്ക് പിന്നീട് താഴുകയായിരുന്നു. മേയ് 15നുശേഷം 200 രൂപക്ക് താഴെ പോയിട്ടില്ല. ആഗോള മാർക്കറ്റിൽ അമേരിക്കൻ ഡോളർ ശക്തി പ്രാപിച്ചതാണ് ഇന്ത്യൻ രൂപയെ പ്രതികൂലമായി ബാധിച്ചത്. ഇതോടെ ലോകത്തിന്റെ ഏതാണ്ട് എല്ലാ രാജ്യങ്ങളുടെയും കറൻസിക്ക് ഇടിവ് സംഭവിച്ചു. ഇന്ത്യൻ ഓഹരി വിപണിയിലെ ഇടിവും രൂപയെ പ്രതികൂലമായി ബാധിച്ചിരുന്നു. തിങ്കളാഴ്ച ഓഹരി വിപണിയിൽ സെൻസെക്സ് 1457 പോയൻറ് ഇടിവാണുണ്ടായത്. നിരവധി കാരണങ്ങളാൽ തിങ്കളാഴ്ച ഒരു ഡോളറിന് 78.20 എന്ന നിരക്കു വരെ എത്തിയിരുന്നു. ഇൗ വർഷം ജനുവരി മുതൽ രൂപയുടെ മൂല്യത്തിൽ അഞ്ചു ശതമാനം ഇടിവാണുണ്ടായിരിക്കുന്നത്.