ഹരിതമിത്രം -സ്മാര്‍ട്ട് ഗാര്‍ബേജ് ആപ്പ് പരിശീലനം സംഘടിപ്പിച്ചു

മലപ്പുറം: മാലിന്യ ശേഖരണ – സംസ്‌കരണ സംവിധാനങ്ങള്‍ക്കായി കെല്‍ട്രോണ്‍ വികസിപ്പിച്ച ഹരിതമിത്രം – സ്മാര്‍ട്ട് ഗാര്‍ബേജ് മൊബൈല്‍ ആപ്പ് പരിചയപ്പെടുത്തുന്നതിനായി കിലയുടെ നേതൃത്വത്തില്‍ പൊന്നാനി നഗരസഭാതല പരിശീലനം സംഘടിപ്പിച്ചു. നഗരസഭാ കൗണ്‍സിലര്‍മാര്‍, ഹരിത കര്‍മ സേനാംഗങ്ങള്‍, സി.ഡി.എസ് അംഗങ്ങള്‍ തുടങ്ങിയവര്‍ക്ക് പരിചയപ്പെടുത്തുന്നതിനാണ് പരിശീലനം സംഘടിപ്പിച്ചത്.

ഹരിത കര്‍മ്മ സേനകളുടെ അജൈവ പാഴ് വസ്തു ശേഖരണ പ്രക്രിയ ഊര്‍ജ്ജിതമാക്കാനും മാലിന്യ നിര്‍മ്മാര്‍ജ്ജന പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമവും കുറ്റമറ്റതുമാക്കാനും ഹരിതകേരളം മിഷന്റെയും ശുചിത്വ മിഷന്റെയും ആഭിമുഖ്യത്തിലാണ് ഹരിതമിത്രം- സ്മാര്‍ട്ട് ഗാര്‍ബേജ് മൊബൈല്‍ ആപ്പ് പദ്ധതി നടപ്പിലാക്കുന്നത്.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ വാര്‍ഡുകളില്‍ ഓരോ വീട്ടില്‍ നിന്നും ശേഖരിച്ച ജൈവ-അജൈവ പാഴ് വസ്തുക്കള്‍ എത്രയെന്നും അവയുടെ സംസ്‌കരണം എങ്ങനെയെന്നുമടക്കമുള്ള വിശദാംശങ്ങള്‍ മൊബൈല്‍ ആപ്ലിക്കേഷനിലൂടെ മനസിലാക്കാനും കൈകാര്യം ചെയ്യുന്നതിനും ആപ്ലിക്കേഷനിലൂടെ സാധിക്കും. മൊബൈല്‍ ആപ്ലിക്കേഷന്‍ ഉപയോഗിച്ച് വീടുകള്‍ക്ക് നല്‍കുന്ന ക്യൂ ആര്‍ കോഡുകളുടെ സഹായത്തോടെയാണ് വിവരങ്ങള്‍ ശേഖരിക്കുക.

പൊന്നാനി നഗരസഭാ കോണ്‍ഫറന്‍സ് ഹാളില്‍ സംഘടിപ്പിച്ച പരിശീലന പരിപാടി ചെയര്‍മാന്‍ ശിവദാസ് ആറ്റുപുറം ഉദ്ഘാടനം ചെയ്തു. വൈസ് ചെയര്‍ പേഴ്‌സണ്‍ ബിന്ദു സിദ്ധാര്‍ത്ഥന്‍, ആരോഗ്യകാര്യ സ്ഥിരം സമിതി അധ്യക്ഷ ഷീന സുദേശന്‍, കൗണ്‍സിലര്‍മാരായ മുഹമ്മദ് ഫര്‍ഹാന്‍, സി.വി സുധ, ഇക്ബാല്‍ മഞ്ചേരി തുടങ്ങിയവര്‍ പങ്കെടുത്തു. കില പ്രതിനിധികളായ വി.സി ശങ്കരനാരായണന്‍, എ. ശ്രീധരന്‍, ശുചിത്വ മിഷന്‍ ജില്ലാ റിസോഴ്‌സ്‌പേഴ്‌സണ്‍ തേറയില്‍ ബാലകൃഷ്ണന്‍ തുടങ്ങിയവര്‍ ക്ലാസുകളെടുത്തു.

Leave A Reply