മൊത്തവില നാണയപ്പെരുപ്പം റെക്കാഡ് ഉയരത്തിൽ

ഡൽഹി: രാജ്യത്തെ മൊത്തവില അടിസ്ഥാനമാക്കിയുള്ള നാണയപ്പെരുപ്പം മേയ് മാസത്തിൽ റെക്കാഡ് ഭേദിച്ചു.

ഏപ്രിലിലെ 15.08ശതമാനത്തിൽനിന്ന് 15.88ശതമാനമായാണ് നാണയപ്പെരുപ്പം ഉയർന്നത്. കഴിഞ്ഞവർഷം മേയിൽ 13.11 ശതമാനമായിരുന്നു നാണയപ്പെരുപ്പം. തുടർച്ചയായി 14-ാം മാസവും ഇരട്ടയക്കത്തിൽ തുടരുകയാണ് രാജ്യത്തെ മൊത്തവില നാണയപ്പെരുപ്പം. അതേസമയം,​ ഉപഭോക്തൃ വില സൂചിക അടിസ്ഥാനമാക്കിയുള്ള റീട്ടെയിൽ നാണയപ്പെരുപ്പം മേയിൽ നേരിയതോതിൽ കുറഞ്ഞിരുന്നു. ഏപ്രിലിൽ രേഖപ്പെടുത്തിയ,​ എട്ടുവർഷത്തെ റെക്കാഡ് റീട്ടെയിൽ നാണയപ്പെരുപ്പമായ 7.79ശതമാനത്തിൽനിന്ന് 7.04ശതമാനമായിട്ടാണ് മേയിൽ കുറഞ്ഞത്.

പച്ചക്കറി, പഴം, പാൽ,​ നിർമാണ ഉത്പന്നങ്ങൾ, ഇന്ധനം, വൈദ്യുതി എന്നിവയുടെ വില വർദ്ധനയാണ് മൊത്തവില സൂചിക ഉയരാനിടയാക്കിയതെന്ന് വാണിജ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകൾ സൂചിപ്പിക്കുന്നു. പച്ചക്കറികളുടെ വിലയിൽമാത്രം 56.36ശതമാനമാണ് വർദ്ധന. ഗോതമ്പിന്റെ വില 10.55ശതമാനവും ഉയർന്നു. മുട്ട, മാംസം, മത്സ്യം എന്നിവയുടെ വിലക്കയറ്റം 7.78ശതമാനവുമാണ്. ഇന്ധന,​ഊർജമേഖലയിൽ 40.62 ശതമാനവും നിർമ്മിത ഉത്പന്നങ്ങൾക്ക് 10.11 ശതമാനവുമാണ് വിലക്കയറ്റം.

Leave A Reply