രക്തദാനം ഏറ്റവും വലിയ കരുതല്‍: ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്

രക്തദാനം സമൂഹത്തോടുള്ള വലിയ കരുതലാണെന്നും രക്തദാനത്തിനായി മുന്നോട്ട് വരുന്ന യുവജനങ്ങള്‍ക്ക് സമൂഹത്തിന് വേണ്ടി മാതൃകാപരമായ പ്രവര്‍ത്തനങ്ങൾ ചെയ്യാന്‍ കഴിയുമെന്നും കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിര്‍മ്മല ജിമ്മി പറഞ്ഞു.

ലോകരക്തദാതാ ദിനത്തോടനുബന്ധിച്ച് പാലാ സെന്റ് തോമസ് കോളേജില്‍ ആരോഗ്യവകുപ്പിന്റെയും ദേശീയ ആരോഗ്യ ദൗത്യത്തിന്റെയും പാലാ ബ്ലഡ് ഫോറത്തിന്റെയും നേതൃത്വത്തില്‍ നടത്തിയ ജില്ലാതല പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്. സമ്മേളനത്തില്‍ പാലാ നഗരസഭ ചെയര്‍മാന്‍ ആന്റോ ജോസ് പടിഞ്ഞാറേക്കര അധ്യക്ഷത വഹിച്ചു.

പരിപാടിയോടനുബന്ധിച്ച് നടന്ന രക്തദാന ക്യാമ്പ് പാലാ അസിസ്റ്റന്റ് പോലീസ് സൂപ്രണ്ട് പി നിധിന്‍ രാജ് രക്തം ദാനം ചെയ്ത് ഉദ്ഘാടനം ചെയ്തു. ക്യാമ്പില്‍ പാലാ സെന്റ് തോമസ് കോളേജിലെ എന്‍ എസ് എസ്, എന്‍ സി സി യൂണിറ്റിലെ 100 വോളണ്ടിയര്‍മാര്‍ രക്തം ദാനം ചെയ്തു.

സമ്മേളനത്തോടനുബന്ധിച്ച് കോവിഡ് കാലത്ത് രക്തദാന രംഗത്ത് സംഭാവനകള്‍ നല്‍കിയ ഡി.വൈ.എഫ്‌.ഐ. കോട്ടയം ജില്ലാ കമ്മിറ്റി, പാലാ ബ്ലഡ് ഫോറം, മാന്നാനം കെ.ഇ. കോളേജ് എന്‍ എസ് എസ് യൂണിറ്റ്, വടവാതൂര്‍ എം ആര്‍ എഫ്, എസ്.എന്‍.ഡി.പി യൂത്ത് മൂവ്‌മെന്റ് കോട്ടയം യൂണിയന്‍, കോട്ടയം പാരഗണ്‍ പ്രൈവറ്റ് ലിമിറ്റഡ് എന്നീ സംഘടനകളെ ആദരിച്ചു.

രക്തദാനം ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കലാണ് എന്നതാണ് ദിനാചരണ സന്ദേശം. സമ്മേളനത്തില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എന്‍. പ്രിയ മുഖ്യപ്രഭാഷണം നടത്തി. മുനിസിപ്പാലിറ്റി ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷന്‍ ബൈജു കൊല്ലംപറമ്പില്‍, ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ അജയ് മോഹന്‍, കോളേജ് പ്രിന്‍സിപ്പല്‍ ഡോ ജെയിംസ് ജോണ്‍ മംഗലത്ത്, ജില്ലാ എഡ്യൂക്കേഷന്‍ മീഡിയ ഓഫീസര്‍ ഡോമി ജോണ്‍, പാലാ ബ്ലഡ് ഫോറം ജനറല്‍ കണ്‍വീനര്‍ ഷിബുതെക്കേമറ്റം, എന്‍.എസ്.എസ്. പ്രോഗ്രാം ഓഫീസര്‍മാരായ ജയേഷ് ആന്റണി, റോബേഴ്സ് തോമസ്, എന്‍.സി.സി പ്രോഗ്രാം ഓഫീസര്‍മാരായ റ്റോജോ ജോസഫ്, അനീഷ് സിറിയക്, ഡോ പി ഡി ജോര്‍ജ് എന്നിവര്‍ സംസാരിച്ചു.

Leave A Reply