മിഠായി ക്ലിനിക്ക് പ്രവര്‍ത്തനമാരംഭിച്ചു

കാഞ്ഞങ്ങാട് ജില്ല ആശുപത്രിയില്‍ മിഠായി ക്ലിനിക്ക് പ്രവര്‍ത്തനമാരംഭിച്ചു. ടൈപ്പ് വണ്‍ പ്രമേഹം ബാധിച്ച കുട്ടികള്‍ക്കും കൗമാരക്കാര്‍ക്കും സമഗ്ര പരിരക്ഷ നല്കുന്നതിന് ആരംഭിച്ച പദ്ധതിയാണ് മിഠായി പദ്ധതി. മിഠായി പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്ത 10 കുട്ടികള്‍ക്കായുള്ള മരുന്ന് നല്‍കികൊണ്ട് ജില്ല ആശുപത്രി സൂപ്രണ്ട് ഡോ. കെ.വി പ്രകാശ് പരിപാടി ഉദ്ഘാടനം ചെയ്തു. ആരോഗ്യവകുപ്പ്, സാമൂഹ്യനീതി വകുപ്പ്, വനിത ശിശുവികസന വകുപ്പ് എന്നീ വകുപ്പുകളുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. നിലവില്‍ ജില്ലയില്‍ 60 ഓളം കുട്ടികള്‍ ഈ പദ്ധതിക്ക് അര്‍ഹരാണ്.

ടൈപ്പ് വണ്‍ പ്രമേഹം ബാധിച്ച 18 വയസ്സ് വരെ പ്രായമുളള കുട്ടികള്‍ക്ക് ഇന്‍സുലിന്‍ വിതരണം, കൗണ്‍സിലിംഗ്, ആവശ്യമായ മറ്റ് ചികിത്സാ സംവിധാനം, മാതാപിതാക്കള്‍ക്കുളള പരിശീലനം തുടങ്ങിയ സേവനങ്ങള്‍ കാഞ്ഞങ്ങാട് ജില്ലാശുപത്രിയില്‍ പ്രവര്‍ത്തിക്കുന്ന ക്ലിനിക്ക് വഴി ലഭ്യമാക്കും. എല്ലാ മാസവും രണ്ടാമത്തെയും നാലാമത്തെയും ചൊവ്വാഴ്ച 9 മണിമുതല്‍ 1 മണിവരെ ക്ലിനിക്ക് പ്രവര്‍ത്തിക്കും.

Leave A Reply