പുതുക്കാട് ഗ്രാമപഞ്ചായത്തില്‍ നീരുറവ് പദ്ധതിക്ക് തുടക്കം

തൃശ്ശൂർ :  മണ്ണ്, ജല സംരക്ഷണത്തിനായുള്ള നീരുറവ് പദ്ധതിക്ക് പുതുക്കാട് ഗ്രാമപഞ്ചായത്തില്‍ തുടക്കം. പഞ്ചായത്തിലെ പാപ്പിനിപ്പാടം, വിളക്കുപ്പാടി നീര്‍ത്തടങ്ങളിലാണ് പദ്ധതി നടപ്പിലാക്കുന്നത്. 6, 7, 9, 11 വാര്‍ഡുകളില്‍ ഭാഗികമായും പത്താം വാര്‍ഡ് മുഴുവനായും ഈ നീര്‍ത്തടത്തില്‍ ഉള്‍പ്പെടുന്നു. 333 ഹെക്ടര്‍ സ്ഥലത്താണ് നീരുറവ് നടപ്പിലാക്കുന്നത്. അഞ്ച് വര്‍ഷം കൊണ്ട് വിവിധ വകുപ്പുകള്‍ സംയോജിച്ച് പ്രവര്‍ത്തനം പൂര്‍ത്തീകരിക്കും.

കൊടകര ബ്ലോക്കും പുതുക്കാട് ഗ്രാമപഞ്ചായത്തും സംയുക്തമായി നടപ്പിലാക്കുന്നതാണ് നീരുറവ് മാതൃകാ നീര്‍ത്തടാധിഷ്ഠിത സമഗ്ര വികസന പദ്ധതി. മണ്ണ്, ജല സംരക്ഷണത്തിനൊപ്പം ജൈവസമ്പത്ത് വര്‍ദ്ധിപ്പിച്ച് കാര്‍ഷികാഭിവൃദ്ധിയും ജനങ്ങളുടെ ഉപജീവന സ്ഥിതിയും മെച്ചപ്പെടുത്തുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. തോടിന്റെ നീരൊഴുക്ക് സാധ്യമാക്കുന്ന പ്രവര്‍ത്തനം, മലിനീകരണം തടയല്‍, പ്രദേശത്തെ വീടുകളിലെ കിണര്‍ റീച്ചാര്‍ജിംഗ്, മാലിന്യ സംസ്‌കരണം, ജലസ്രോതസുകള്‍ പുനരുജ്ജീവിപ്പിക്കല്‍ തുടങ്ങിയവയും നീരുറവിലൂടെ യാഥാര്‍ത്ഥ്യമാകും.

പദ്ധതിയുടെ ഭാഗമായി ഗ്രാമപഞ്ചായത്ത് പരിസരത്ത് നീരറിവ് യാത്ര നടത്തി. രണ്ടാംകല്ല് ജംഗ്ഷനില്‍ നടന്ന നീരറിവ് യാത്ര കെ കെ രാമചന്ദ്രന്‍ എം എല്‍ എ ഫ്ലാഗ് ഓഫ് ചെയ്തു. പുതുക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ എം ബാബുരാജ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ അല്‍ജോ പുളിക്കല്‍, സതി സുധീര്‍, പുതുക്കാട് ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍, കൊടകര ബ്ലോക്ക് പഞ്ചായത്ത് ബി ഡി ഒ പി ആര്‍ അജയഘോഷ് തുടങ്ങിയവര്‍ പങ്കെടുത്തു.

Leave A Reply