ലൈബ്രറി കൗൺസിൽ വായനാപക്ഷാചരണം ജില്ലാതല ഉദ്ഘാടനം 19ന്

കണ്ണൂര്‍ :  ജില്ലാ ലൈബ്രറി കൗൺസിലിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന വായനാപക്ഷാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം ജൂൺ 19ന് വൈകീട്ട് നാലിന് തലശ്ശേരി അണ്ടല്ലൂർ സാഹിത്യപോഷിണി വായനശാലയിൽ ഡോ വി ശിവദാസൻ എം പി നിർവഹിക്കും.

പി എൻ പണിക്കരുടെ ചരമദിനമായ ജൂൺ 19 മുതൽ ഐ വി ദാസിന്റെ ജന്മദിനമായ ജൂലൈ ഏഴ് വരെ നീണ്ടു നിൽക്കുന്ന വായനാപക്ഷാചരണത്തിന്റെ ഭാഗമായി വിവിധ കലാ സാംസ്‌കാരിക പരിപാടികൾ നടക്കും. പി എൻ പണിക്കർ അനുസ്മരണം, വായനക്കൂട്ടങ്ങളുടെ രൂപീകരണം, ഉന്നത വിജയം നേടിയ എസ് എസ് എൽ സി, പ്ലസ് ടു വിദ്യാർഥികളെ അനുമോദിക്കൽ, ജി ശങ്കരപ്പിളള, ഇടപ്പളളി രാഘവൻ പിളള, പി കേശവദേവ്, പൊൻകുന്നം വർക്കി, എൻ പി മുഹമ്മദ്, കെ ദാമോദരൻ, വി സാംബശിവൻ, വൈക്കം മുഹമ്മദ് ബഷീർ, ഐ വി ദാസ് അനുസ്മരണങ്ങൾ, പുസ്തക പ്രദർശനം, ദസ്തയേവ്‌സ്‌കിയുടെ നൂറാം ജന്മവാർഷികാചരണം, കുമാരനാശാന്റെ ‘ചണ്ഡാലഭിക്ഷുകി’യുടെ നൂറാം വാർഷികം, വായനാക്കുറിപ്പ് തയ്യാറാക്കൽ, ഷോർട്ട് ഫിലിം നിർമ്മാണം, സ്‌കൂളുകൾ കേന്ദ്രീകരീച്ചുളള എഴുത്തുപെട്ടി തുടങ്ങിയവയാണ് പ്രധാന പരിപാടികൾ.

ഉദ്ഘാടന ചടങ്ങിൽ ലൈബ്രറി കൗൺസിൽ ജില്ലാ പ്രസിഡണ്ട് മുകുന്ദൻ മഠത്തിൽ അധ്യക്ഷനാവും. ആദിവാസി മേഖലയിൽ ലൈബ്രറി ആരംഭിക്കാൻ സമാഹരിച്ച 1000 പുസ്തകങ്ങൾ ധർമ്മടം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എൻ കെ രവി, വി ശിവദാസൻ എം പിക്ക് കൈമാറും. ജില്ലാ സെക്രട്ടറി പി കെ വിജയൻ പദ്ധതി വിശദീകരിക്കും. ഡോ സുധ അഴീക്കോടൻ, ഇ നാരായണൻ, പ്രഫ. കുമാരൻ, എ ടി രതീശൻ എന്നിവർ സംസാരിക്കും. കെ പി രാമകൃഷ്ണൻ നയിക്കുന്ന അക്ഷര ഗാന പരിപാടിയും അരങ്ങേറും.

Leave A Reply