അക്കാദമിക് രംഗത്ത് മികവുണ്ടാക്കാന്‍ അന്നമ്മനട; സിവില്‍ സര്‍വീസ് പരിശീലനവുമായി പഞ്ചായത്ത്

തൃശ്ശൂർ: മേളപ്പെരുമയ്ക്ക് പേര് കേട്ട അന്നമ്മനട അക്കാദമിക് രംഗത്തും മികവ് പുലര്‍ത്താന്‍ ഒരുങ്ങുന്നു. രാജ്യത്തെ ഏറ്റവും ഉയര്‍ന്ന പരീക്ഷകളില്‍ ഒന്നായ സിവില്‍ സര്‍വീസ് മേഖലയിലേയ്ക്ക് വിദ്യാര്‍ത്ഥികളെ കൈപിടിച്ചുയര്‍ത്താനുള്ള ശ്രമത്തിലാണ് പഞ്ചായത്ത്. ഇതിന്റെ ഭാഗമായി ഏഴാം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്കുള്ള സിവില്‍ സര്‍വീസ് പരിശീലനത്തിന് അന്നമനട പഞ്ചായത്ത് ഭരണസമിതി തുടക്കം കുറിച്ചു. സംസ്ഥാനത്ത് ആദ്യമായാണ് ഒരു പഞ്ചായത്തിന്റെ നേതൃത്വത്തില്‍ സിവില്‍ സര്‍വീസ് പരിശീലനം നല്‍കുന്നത്.

പൊതുപ്രവേശന പരീക്ഷ നടത്തി അതില്‍ നിന്ന് 50 കുട്ടികളെ തെരഞ്ഞെടുത്ത് തുടര്‍ച്ചയായി അഞ്ച് വര്‍ഷം പരിശീലനം നല്‍കും. അഞ്ച് വര്‍ഷം പിന്നിടുമ്പോള്‍ 250 ഓളം കുട്ടികളെ ഉള്‍പ്പെടുത്തി മികവിന്റെ വിദ്യാഭ്യാസ കേന്ദ്രമാക്കാനാണ് പദ്ധതികൊണ്ട് ലക്ഷ്യമിടുന്നത്. അഞ്ച് ലക്ഷം രൂപയാണ് പഞ്ചായത്ത് ഈ സാമ്പത്തിക വര്‍ഷം പദ്ധതിക്കായി മാറ്റിവച്ചിരിക്കുന്നത്. കോഴിക്കോട് കേന്ദ്രമായി വിദ്യാഭ്യാസ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സംഘടനയും പഞ്ചായത്തിലെ ജനകീയ വിദ്യാഭ്യാസ സമിതിയുമാണ് പരിശീലനത്തിന് വേണ്ട സിലബസ് തയ്യാറാക്കുന്നത്. ഒരു വര്‍ഷം 42 ഓളം ക്ലാസുകള്‍ നല്‍കും. എല്ലാ ശനിയാഴ്ചകളിലും 10 മുതല്‍ 4 മണി വരെയാണ് ക്ലാസുകള്‍. റസിഡന്‍ഷ്യല്‍ ക്യാമ്പ്, വ്യക്തിത്വങ്ങളെ പരിചയപ്പെടുത്തല്‍ എന്നിങ്ങനെ തരംതിരിച്ചാണ് കോച്ചിംഗ്.

പരിശീലനത്തിന് പുറമെ സമഗ്രവിദ്യാഭ്യാസ പദ്ധതിയും പഞ്ചായത്ത് ആവിഷ്‌കരിച്ചിട്ടുണ്ട്. കുട്ടികളുടെ ആരോഗ്യ-മാനസിക സംരക്ഷണം, കായികക്ഷമതയും വിദ്യാഭ്യാസ നിലവാരവും ഉയര്‍ത്തുക എന്നിവയാണ് സമഗ്ര വിദ്യാഭ്യാസ പദ്ധതികൊണ്ട് ഉദ്ദേശിക്കുന്നത്. കുട്ടികളുടെ മാനസിക സംരക്ഷണത്തിനായി സ്‌കൂളുകളില്‍ ഓരോ കൗണ്‍സിലര്‍ എന്ന രീതിയില്‍ അധ്യാപകര്‍ക്കുള്ള പരിശീലനവും പദ്ധതി വഴി നല്‍കുന്നുണ്ട്.

Leave A Reply