മൂന്ന് വില്ലേജ് ഓഫീസുകള്‍ കൂടി ഇനി സ്മാര്‍ട്ട്

വയനാട്: സംസ്ഥാന സര്‍ക്കാറിന്റെ രണ്ടാം നൂറ് ദിന കര്‍മ്മ പദ്ധതികളുടെ ഭാഗമായി ജില്ലയില്‍ നിര്‍മ്മാണം പൂര്‍ത്തീകരിച്ച റവന്യൂ ഓഫീസ് കെട്ടിടങ്ങള്‍ ഇന്ന്റവന്യൂ വകുപ്പ് മന്ത്രി കെ.രാജന്‍ ഉദ്ഘാടനം ചെയ്യും. പനമരം, എടവക, പേര്യ സ്മാര്‍ട്ട് വില്ലേജ് ഓഫീസുകള്‍ക്ക് പുറമെ മാനന്തവാടി റവന്യു ഡിവിഷന്‍ ഓഫീസിനോട് അനുബന്ധിച്ച് നിര്‍മ്മിച്ച കോണ്‍ഫറന്‍സ് ഹാള്‍ & റെക്കോര്‍ഡ് റൂം, താലൂക്ക് ഓഫീസ് അനക്‌സ് കെട്ടിടങ്ങള്‍, നവീകരണം പൂര്‍ത്തിയായ മാനന്തവാടി ലാന്റ് ട്രൈബൂണല്‍ ഓഫീസ്, മാനന്തവാടി താലൂക്ക് ഓഫീസ്, കാഞ്ഞിരങ്ങാട് വില്ലേജ് ഓഫീസ് എന്നിവയാണ് റവന്യൂ മന്ത്രി ഉദ്ഘാടനം ചെയ്യുന്നത്. ചടങ്ങുകളില്‍ ഒ.ആര്‍ കേളു എം.എല്‍.എ അധ്യക്ഷത വഹിക്കും.

പനമരം, എടവക സ്മാര്‍ട്ട് വില്ലേജ് ഓഫീസുകള്‍ ഒഴികെയുളളവയുടെ ഉദ്ഘാടനം ബുധനാഴ്ച്ച വൈകീട്ട് 3 ന് മാനന്തവാടി അമ്പുകുത്തി സെന്റ് തോമസ് ഓഡിറ്റോറിയത്തിലാണ് നടക്കുക. പനമരം, എടവക സ്മാര്‍ട്ട് വില്ലേജ് ഓഫീസുകളുടെ ഉദ്ഘാടനം യഥാക്രമം വൈകീട്ട് 4 നും 5 നും അതത് സ്ഥങ്ങളില്‍ നടക്കുന്ന ചടങ്ങില്‍ മന്ത്രി നിര്‍വ്വഹിക്കും. എം.എല്‍.എമാരായ ഐ.സി. ബാലകൃഷ്ണന്‍, ടി. സിദ്ധീഖ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍, ജില്ലാ കളക്ടര്‍ എ.ഗീത, സബ്കളക്ടര്‍ ആര്‍.ശ്രീലക്ഷമി, എ.ഡി.എം എന്‍.ഐ ഷാജു, ജനപ്രതിനിധികള്‍, രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ ചടങ്ങുകളില്‍ പങ്കെടുക്കും.

Leave A Reply