ചൂലിനിടയിൽ ഒളിക്യാമറ: മലപ്പുറം സ്വദേശി പിടിയിൽ

പാമ്പാക്കുട∙ അരീക്കൽ വെള്ളച്ചാട്ടത്തിനു സമീപം സ്ത്രീകൾക്കു വസ്ത്രം മാറുന്നതിനു നിർമിച്ച  മുറിയിൽ  ക്യാമറ വച്ചു ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ച സംഭവത്തിൽ ഒരാളെ കസ്റ്റഡിയിലെടുത്തു. മലപ്പുറം സ്വദേശിയാണു പിടിയിലായെന്നാണു വിവരം. ഇന്നലെ വെള്ളച്ചാട്ടം  ആസ്വദിക്കാനെത്തിയ മൂവാറ്റുപുഴ സ്വദേശികളുടെ പരാതിയിലാണു നടപടി.

വെള്ളച്ചാട്ടത്തിന്റെ താഴെ വസ്ത്രം മാറുന്നതിനായി നിർമിച്ച കോട്ടേജിന്റെ പരിസരത്തു   ചെറുപ്പക്കാരൻ ചുറ്റിത്തിരിയുന്നത് ഇവരുടെ ശ്രദ്ധയിൽ പെട്ടു. ഇയാൾ വീണ്ടും ഉള്ളിലേക്കു കയറുന്നതും തിരിച്ചിറങ്ങുന്നതും ശ്രദ്ധിച്ചതോടെ ഇവർ മുറിയിൽ കയറി നടത്തിയ പരിശോധനയിൽ  ഭിത്തിയിൽ ചാരി വച്ചിരുന്ന ചൂലിനിടയിൽ ക്യാമറ കണ്ടെത്തുകയായിരുന്നു.

പൊലീസിൽ വിവരമറിയിച്ചതോടെ ഇയാൾ അപ്രത്യക്ഷനായി.  രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണു  മലപ്പുറം സ്വദേശിയെ  വൈകിട്ടു കസ്റ്റഡിയിൽ എടുത്തത്.പാമ്പാക്കുടയിലെ സ്വകാര്യ സ്ഥാപനത്തിൽ ജീവനക്കാരനാണ്. സംഭവത്തിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടോ എന്നു പരിശോധിക്കുന്നതായി പൊലീസ് പറഞ്ഞു.

Leave A Reply