ഓട്ടോ ഡ്രൈവറെ കൊലപ്പെടുത്തിയ പ്രതികൾക്ക് ജീവപര്യന്തം

തിരുവനന്തപുരം∙ ഓട്ടോ ഡ്രൈവറെ കൊലപ്പെടുത്തിയ കേസിൽ ഒന്നും രണ്ടും പ്രതികളായ വിഷ്‌ണുവിനും (ജീവൻ) മനോജിനും ജീവപര്യന്തം കഠിന തടവും 1,45,000 രൂപ പിഴയും ശിക്ഷ. ബാർട്ടൺഹിൽ സ്വദേശിയും ഓട്ടോ ഡ്രൈവറുമായ അനിൽകുമാറിനെ ബാർട്ടൺഹിൽ ലോ കോളജ് ജംക്‌ഷനിൽ വച്ചു കൊലപ്പെടുത്തിയ കേസിലാണ് ഇരുവർക്കും ശിക്ഷ വിധിച്ചത്. ഒന്നാം പ്രതി വിഷ്‌ണുവിന്റെ ക്രിമിനൽ പശ്ചാത്തലം കണക്കിലെടുത്ത് 15 കൊല്ലത്തേക്ക് പരോൾ ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ നൽകരുതെന്ന് ഉത്തരവിൽ നിർദ്ദേശിച്ചിട്ടുണ്ട്.

കൊല്ലപ്പെട്ട അനിൽകുമാറിന്റെ ഭാര്യയ്ക്കു നഷ്ടപരിഹാരം നൽകാൻ സർക്കാരിനു നിർദേശം നൽകാനും കോടതി ഉത്തരവിട്ടു. വിചാരണ വേളയിൽ കൂറുമാറിയ എട്ടു സാക്ഷികൾക്കെതിരെ ക്രിമിനൽ കേസ് റജിസ്റ്റർ ചെയ്യാനും കോടതി നിർദേശിച്ചു. തിരുവനന്തപുരം നാലാം അഡീ. ജില്ലാ ജഡ്ജി കെ.ലില്ലിയുടേതാണ് ഉത്തരവ്.

കേസിലെ മൂന്നും നാലും പ്രതികളായ മേരി രാജൻ, രാജേഷ് എന്നിവരെ തെളിവുകളുടെ അഭാവത്താൽ കോടതി വെറുതെ വിട്ടിരുന്നു. 2019 മാർച്ച്‌ 24ന് രാത്രി 11നാണ് അനിൽകുമാറിനെ ബാർട്ടൺഹിൽ ലോ കോളജ് ജംക്‌ഷനിൽ വച്ചു കൊലപ്പെടുത്തിയത്. പ്രതികൾക്കു അനിൽ കുമാറിനോടുള്ള വ്യക്തിപരമായ ശത്രുതയാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പൊലീസ് കേസ്.

Leave A Reply