പോക്സോ കേസ് പ്രതികൾ വീണ്ടും ജയിലിലായി

തിരുവനന്തപുരം: കോടതി നിർദ്ദേശിച്ചിരുന്ന വ്യവസ്ഥകൾ ലംഘിച്ചതിന് രണ്ട് പോക്സോ കേസ് പ്രതികളുടെ ജാമ്യം റദ്ദാക്കിയ കോടതി അവരെ ജയിലിലാക്കി. സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ അതിക്രമങ്ങൾ വിചാരണ ചെയ്യുന്ന പ്രത്യേക അതിവേഗ കോടതിയാണ് പ്രതികളുടെ ജാമ്യം റദ്ദാക്കിയത്.

ബീമാപള്ളി ജവഹർ ജംഗ്ഷൻ സ്വദേശി മെെതീൻ അടിമ,​ തിരുമല തട്ടാംവിള ലെെൻ സ്വദേശി അലി അക്ബർ എന്നിവർക്കെതിരെയാണ് നടപടി. പോക്സോ കേസിൽ ജാമ്യം നൽകുന്ന അവസരത്തിൽ ഇരുവരും മറ്റ് ക്രിമിനൽ കേസുകളിൽ പ്രതിയാകരുതെന്ന ഉപാധി കോടതി വച്ചിരുന്നു. ഇരുവരും വീണ്ടും കേസുകളിൽ പ്രതികളായ കാര്യം പ്രോസിക്യൂഷൻ കോടതിയെ അറിയിക്കുകയും ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി നൽകുകയും ചെയ്‌തു. ഈ ഹർജി പരിഗമിച്ചാണ് കോടതി ഉത്തരവിറക്കിയത്.

പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് വിധേയനാക്കിയതിനും പെൺകുട്ടിയെ പീഡിപ്പിച്ചതിനുമാണ് മെെതീൻ അടിമയ്ക്കെതിരെ പൂന്തുറ പൊലീസ് പോക്സോ കേസുകളെടുത്തിരുന്നത്. ജാമ്യം ലഭിച്ച പ്രതി ജാമ്യം വ്യവസ്ഥ ലംഘിച്ച് അതേ സ്റ്റേഷനിൽ മയക്കുമരുന്ന് കേസിൽ പ്രതിയായതോടെയാണ് നിലവിലെ ജാമ്യം റദ്ദായത്.

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിലാണ് അലി അക്ബറിനെതിരെ തമ്പാനൂർ പൊലീസ് പോക്സോ കേസെടുത്തിരുന്നത്. ജാമ്യത്തിലായിരുന്ന ഇയാൾ പിന്നീട് കരമന പൊലീസ് സ്റ്റേഷൻ പരിധിയിൽ ഒരു അടിപിടിക്കേസിൽ പ്രതിയായതോടെ ഇയാളുടെ ജാമ്യവും കോടതി റദ്ദാക്കി. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യൽ പബ്ളിക് പ്രോസിക്യൂട്ടർ ആർ.എസ്. വിജയ് മോഹൻ ഹാജരായി.

Leave A Reply