ചെക്ക് നൽകി പണംതട്ടിയെടുത്ത ജൂനിയർ സൂപ്രണ്ട് അറസ്റ്റിൽ

നെയ്യാറ്റിൻകര: പെൻഷണറുടെ കാലാവധി കഴിഞ്ഞ ചെക്ക് നൽകി പണംതട്ടിയെടുത്ത ജൂനിയർ സൂപ്രണ്ട് അറസ്റ്റിൽ. ചെക്ക് പാസാക്കി നൽകിയ നെയ്യാറ്റിൻകര പെൻഷൻ സബ് ട്രഷറി ഓഫീസിലെ മൂന്ന് ജീവനക്കാരെ സസ്‌പെൻഡ് ചെയ്‌തു. കോട്ടയം കറുകച്ചാൽ സബ് ട്രഷറി ഓഫീസിലെ ജൂനിയർ സൂപ്രണ്ടായ ചെങ്കൽ കോടങ്കര ഉഷസിൽ ആർ.യു. അരുണാണ് (38) അറസ്റ്റിലായത്. ഇയാളെയും സർവീസിൽ നിന്ന് സസ്‌പെൻഡ് ചെയ്‌തിട്ടുണ്ട്.

കഴിഞ്ഞ 19നാണ് ഇയാൾ ജോലി ചെയ്‌തിരുന്ന കറുകച്ചാൽ സബ് ട്രഷറിയിൽ പെൻഷൻ അക്കൗണ്ടുള്ള കോട്ടയം സ്വദേശി കെ.കെ. കമലമ്മയുടെ 18,​000 രൂപയുടെ ചെക്കാണ് നെയ്യാറ്റിൻകര ട്രഷറി ഓഫീസ് മുഖേന അരുൺ മാറിയെടുത്തത്. 25ന് കമലമ്മ 20,​000 രൂപ പിൻവലിക്കുന്നതിനായി ചെക്ക് സമർപ്പിച്ചിരുന്നു. അക്കൗണ്ട് ബാലൻസ് പരിശോധിച്ചപ്പോഴാണ് 19ന് 18,000 രൂപ അക്കൗണ്ടിൽ നിന്ന് പിൻവലിച്ചതായുളള വിവരമറിഞ്ഞത്. തുടർന്ന് കമലമ്മ കറുകച്ചാൽ സബ്ട്രഷറി ഓഫീസർക്ക് നൽകിയ പരാതിയെ തുടർന്നുള്ള അന്വേഷണത്തിലാണ് നെയ്യാറ്റിൻകര ട്രഷറി ഓഫീസ് മുഖേന ചെക്ക് മാറിയതായി കണ്ടെത്തിയത്.

മുമ്പ് മാറാനായി നൽകിയ ചെക്ക് ചില തടസങ്ങൾ പറഞ്ഞ് ഇയാൾ കൈവശപ്പെടുത്തി വച്ചിരുന്നതായാണ് വിവരം. ബന്ധുവിന്റെ ചെക്കെന്ന് പറഞ്ഞാണ് അരുൺ സ്വന്തം പേരിൽ ചെക്ക് മാറിയടെുത്തത്. ഇയാളെ പരിചയമുണ്ടായിരുന്നതിനാൽ ചെക്ക് പാസാക്കുന്നതിൽ ജീവനക്കാർക്ക് സംശയമുണ്ടായിരുന്നില്ല. ചെക്കിൽ സ്വന്തം പേരെഴുതി പിറകിലും ഒപ്പിട്ട് നൽകിയാണ് ഇയാൾ ജീവനക്കാരെ കബളിപ്പിച്ചത്. പരാതിയുടെ അടിസ്ഥാനത്തിൽ സി.സി ടിവി കാമറ ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് അരുണാണ് ചെക്ക് മാറിയതായി കണ്ടെത്തിയത്.

കറുകച്ചാൽ ട്രഷറി ഓഫീസർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ചെക്ക് പാസാക്കി നൽകിയ നെയ്യാറ്റിൻകര പെൻഷൻ സബ് ട്രഷറി ഓഫീസിലെ ട്രഷറി ഓഫീസർ, അക്കൗണ്ടന്റ്, കാഷ്യർ എന്നിവരെ ട്രഷറി ഡയറക്ടർ സസ്‌പെൻഡ് ചെയ്യുകയായിരുന്നു.

കാട്ടാക്കട ജില്ലാ ട്രഷറി ഓഫീസറുടെ പരാതിയിലാണ് നെയ്യാറ്റിൻകര പൊലീസ് അരുണിനെ അറസ്റ്റുചെയ്‌തത്. നെയ്യാറ്റിൻകര എസ്.ഐയുടെ നേതൃത്വത്തിൽ സി.പി.ഒ രതീഷ്, അനിൽകുമാർ, അസിസ്റ്റന്റ് എസ്.ഐ സുരേഷ് കുമാർ, ജയേഷ് എന്നിവരടങ്ങിയ സംഘമാണ് ഇയാളെ പിടികൂടിയത്. പ്രതിയെ കോടതി റിമാൻഡ് ചെയ്‌തു.

Leave A Reply