സൈക്കിളിൽ സഞ്ചരിക്കുകയായിരുന്ന കുട്ടിയെ കാട്ടുപന്നി ആക്രമിച്ചു

കോഴിക്കോട്: തിരുവമ്പാടി ചേപ്പിലങ്ങോട് സൈക്കിളിൽ സഞ്ചരിക്കുകയായിരുന്ന കുട്ടിയെ കാട്ടുപന്നി ആക്രമിച്ചു. ചേപ്പിലങ്ങോട് മുല്ലപ്പള‌ളിയിൽ സനൂബിന്റെ മകൻ അദ്നാൻ(12) ഇരു കാലുകൾക്കും പന്നിയുടെ കുത്തേറ്റ് ആശുപത്രിയിൽ ചികിത്സയിലാണ്. കുട്ടിയെ ആക്രമിച്ച കാട്ടുപന്നിയെ പിന്നീട് വെടിവച്ച് കൊന്നു.

തിരുവമ്പാടി സേക്രഡ് ഹാർട്ട് സ്‌കൂളിൽ ഏഴാംക്ളാസ് വിദ്യാർത്ഥിയാണ് അദ്‌നാൻ. രാവിലെ ഒൻപതോടെ കടയിൽ സാധനം വാങ്ങാൻ പോയി സൈക്കിളിൽ മടങ്ങിവരികയായിരുന്ന അദ്‌നാനെ തിരുവമ്പാടി ടൗണിന് 200 മീറ്റർ മാത്രം അകലെ റോഡിൽവച്ചാണ് കാട്ടുപന്നി ആക്രമിച്ചത്. സംഭവത്തിന് ശേഷം സ്ഥലത്ത് നിന്നും പോയ കാട്ടുപന്നി അടുത്തുള‌ള വീട്ടിൽ കുടുങ്ങി. സ്ഥലത്തെത്തിയ വനപാലകർ എം പാനൽ ഷൂട്ടറെ ഉപയോഗിച്ച് പന്നിയെ വെടിവച്ച് കൊന്നു.

അപകടകാരികളായ കാട്ടുപന്നികളെ വെടിവച്ച് കൊല്ലാൻ തദ്ദേശസ്ഥാപനങ്ങൾക്ക് അധികാരം നൽകുന്ന തീരുമാനം സംസ്ഥാന സർക്കാർ കഴിഞ്ഞദിവസം എടുത്തിരുന്നു. തദ്ദേശ സ്ഥാപന അദ്ധ്യക്ഷന്മാർക്ക് ഓണററി വൈൽഡ് ലൈഫ് വാർഡൻ പദവി നൽകിയായിരുന്നു ഇത്. എന്നാൽ സർക്കാർ തീരുമാനത്തിനെതിരെ പ്രതിഷേധം അറിയിച്ച് മേനകാഗാന്ധി വനംമന്ത്രി എ.കെ ശശീന്ദ്രന് കത്തയച്ചിരുന്നു. ഇതിന് രേഖാമൂലം മറുപടി നൽകാൻ വനംമന്ത്രി നിർദ്ദേശം നൽകിയിരുന്നു.

Leave A Reply