പോപ്പുലർ ഫ്രണ്ട് റാലിക്ക് എസ്ഡിപിഐക്ക് ബന്ധമില്ല: അടിസ്ഥാന രഹിതമായ ആരോപണങ്ങൾ ഉന്നയിക്കുന്ന മുഖ്യമന്ത്രിക്കെതിരെ നിയമനടപടി സ്വീകരിക്കും: റോയ് അറക്കൽ

ആലപ്പുഴയിൽ നടന്ന പോപ്പുലർഫ്രണ്ട് റാലിയുമായി എസ്.ഡി.പി.ഐയ്ക്ക് ബന്ധമില്ലെന്നും പാർട്ടിക്കെതിരെ ആരോപണങ്ങൾ ഉന്നയിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയനെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും സംസ്ഥാന ജനറൽ സെക്രട്ടറി റോയി അറയ്ക്കൽ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

തൃക്കാക്കരയിൽ ജയിക്കാൻ എന്തും പറയുന്ന അവസ്ഥയിലാണ് മുഖ്യമന്ത്രി. സാമുദായികധ്രുവീകരണത്തിനായി എസ്.ഡി.പി.ഐയെ വലിച്ചിഴയ്ക്കുകയാണ്. പോപുലർഫ്രണ്ടുമായി ബന്ധപ്പെട്ട റാലിയുടെ പേരിൽ എസ്.ഡി.പി.ഐ നേതാക്കളെ വ്യാപകമായി അറസ്റ്റ് ചെയ്യുകയാണ്. പോപുലർഫ്രണ്ട് റാലിയിലെ മുദ്രാവാക്യം വിളിയെ പാർട്ടി അനുകൂലിക്കുന്നുമില്ലെന്നും റോയി അറയ്ക്കൽ പറഞ്ഞു. വാർത്താസമ്മേളനത്തിൽ സംസ്ഥാന ട്രഷറർ എ.കെ സലാഹുദ്ദീൻ, സംസ്ഥാന സമിതി അംഗം അൻസാരി ഏനാത്ത്, ജില്ലാ പ്രസിഡന്റ് റിയാസ് കെ.പൊന്നാട്, സെക്രട്ടറി എം.സാലിം എന്നിവരും പങ്കെടുത്തു.

Leave A Reply