സിനിമാ യൂണിറ്റ് പ്രവർത്തകർ തമ്മിൽ ലോഡ്ജിൽ തർക്കം; ഒരാൾക്കു വെട്ടേറ്റു

പാലക്കാട്: സിനിമാ മേഖലയിലെ പ്രവർത്തകർ തമ്മിലുണ്ടായ തർക്കത്തിൽ, ഷൂട്ടിങ് ലൊക്കേഷനിൽ ചായ വിതരണം ചെയ്യുന്ന ജീവനക്കാരനു കഴുത്തിൽ വെട്ടേറ്റു. വടകര നടക്കുതാഴ പുത്തൂർ വലക്കേട്ടിൽ വീട്ടിൽ സിജാറിന് (44) ആണു പരുക്കേറ്റത്. സംഭവത്തിൽ സഹപ്രവർത്തകൻ തിരുവനന്തപുരം നേമം ഉഷസ്സിൽ പുരുഷോത്തമൻ പിള്ളയെ (ഉത്തമൻ – 60) ടൗൺ സൗത്ത് പൊലീസ് അറസ്റ്റ് ചെയ്തു.

ഇന്നലെ പുലർച്ചെ കെഎസ്ആർടിസി ബസ് സ്റ്റാൻഡിനു സമീപത്തെ സ്വകാര്യ ലോഡ്ജിലാണു സംഭവം. ഷൂട്ടിങ് സ്ഥലത്തു നൽകുന്ന ചായയെച്ചൊല്ലിയുള്ള തർക്കമാണ് ആക്രമണത്തിനു പിന്നിലെന്നു പൊലീസ് പറഞ്ഞു. സിജാറും പുരുഷോത്തമൻ പിള്ളയും ഷൂട്ടിങ് ലൊക്കേഷനിലെ പാചകവിഭാഗം ജീവനക്കാരാണ്. കഴിഞ്ഞ രാത്രി പാലക്കാട്ടെ സിനിമാ ഷൂട്ടിങ് കഴിഞ്ഞതിന്റെ ആഘോഷം നടത്തിയിരുന്നു.

സൽക്കാരത്തിൽ പങ്കെടുത്ത സിജാറും പുരുഷോത്തമനും തമ്മിൽ ചായ നൽകുന്നതുമായി ബന്ധപ്പെട്ടു വീണ്ടും തർക്കമുണ്ടായി. ആഘോഷം കഴിഞ്ഞു പുലർച്ചെ രണ്ടരയോടെ ഇരുവരും താമസിക്കുന്ന ലോഡ്ജിലെത്തി. അവിടെ വച്ചു വീണ്ടും വാക്കുതർക്കമുണ്ടായി. ഇതിനിടെ പുരുഷോത്തമൻ പിള്ള കത്തി കൊണ്ടു സിജാറിന്റെ കഴുത്തിൽ വെട്ടി. മുറിവേറ്റ സിജാർ ഒന്നാം നിലയിൽ നിന്നു താഴെയെത്തി ലോഡ്ജ് ജീവനക്കാരനോടു വിവരം പറഞ്ഞു. ജീവനക്കാരൻ പൊലീസിൽ വിവരം അറിയിച്ചു. സിജാർ അപകടനില തരണം ചെയ്തതായി പൊലീസ് അറിയിച്ചു.

Leave A Reply