മദ്യം വാങ്ങി നൽകാത്തതിൽ വിരോധം : കൂട്ടുകാരനെ വധിക്കാൻ ശ്രമിച്ച രണ്ടുപേർ പിടിയിൽ

എരുമപ്പെട്ടി: മദ്യം വാങ്ങിക്കൊടുക്കാത്തതിലുള്ള വിരോധം വെച്ച് കൂട്ടുകാരനെ വധിക്കാൻ ശ്രമിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ. ആദൂർ അമ്പലത്തു വീട്ടിൽ അബ്ബാസ് (31), ചൊവ്വന്നൂർ അയ്യപ്പത്ത് ചെറുവത്തൂർ വീട്ടിൽ സിജോ (31) എന്നിവരെയാണ് എരുമപ്പെട്ടി പൊലീസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ 22-ന് വൈകീട്ട് മൂന്നിന് സ്റ്റേഷൻ പരിധിയിലെ ആദൂരിലാണ് കേസിനാസ്പദമായ സംഭവം. കൂട്ടുകാരനായ ഷിയാസ് എന്ന സിയാദിനെയാണ് ഇരുവരും ചേർന്ന് കൊല്ലാൻ ശ്രമിച്ചത്. ഇരുമ്പുവടി കൊണ്ട് തലക്കടിച്ചും, ബലമായി കാറിൽ വലിച്ചു കയറ്റി മൂർച്ചയുള്ള ബ്ലേഡ് ഘടിപ്പിച്ച ആയുധം കൊണ്ട് മുറിവേൽപിച്ചുമാണ് കൊല്ലാൻ ശ്രമിച്ചത്.

സംഭവശേഷം ഒളിവിൽ പോയ പ്രതികളെ പഴനിയിൽ നിന്നാണ് പിടികൂടിയത്. ഇവർ രക്ഷപ്പെടാൻ ഉപയോഗിച്ച കാറും ആയുധങ്ങളും കണ്ടെടുത്തു. എരുമപ്പെട്ടി എസ്.ഐ ടി.സി.അനുരാജ്, എസ്.ഐ കെ.പി.ഷീബു, എ.എസ്.ഐ കെ.ആർ.ജയൻ, എസ്.സി.പി.ഒമാരായ കെ. രാജേഷ്, ഐ.ബി.ഷാജൻ, കെ.എസ്.അരുൺകുമാർ, എസ്.തോമസ്‌ എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്. ഇവരെ കോടതിയിൽ ഹാജരാക്കി.

Leave A Reply