കളിപ്പാട്ടത്തില്‍ കടത്തിയ ലക്ഷങ്ങളുടെ ലഹരി പിടികൂടി

കൊടുങ്ങല്ലൂര്‍: ബ്രിട്ടനില്‍നിന്ന് കളിപ്പാട്ടങ്ങളുടെ ഇടയില്‍ വെച്ച്‌ കടത്തിയ ലക്ഷങ്ങള്‍ വിലമതിക്കുന്ന മരിജുവാന വേട്ട നടത്തി. കൊടുങ്ങല്ലൂര്‍ എക്‌സൈസ് റേഞ്ച് സംഘത്തിന്‍റെതാണു ഓപറേഷന്‍.കൊടുങ്ങല്ലൂര്‍ ലോകമലേശ്വരം ഒ.കെ. ഹോസ്പിറ്റലിന് സമീപം വടക്കനോളില്‍ വീട്ടില്‍ ജാസിമിന് എത്തിയ മയക്കുമരുന്നാണ് പിടിയിലായത്.ഇയാള്‍ നെതര്‍ലാന്‍ഡില്‍നിന്ന് ആലുവയില്‍ പാര്‍സല്‍ വഴി കൊക്കെയ്ന്‍ വാങ്ങിയതുമായി ബന്ധപ്പെട്ട എക്‌സൈസ് കേസില്‍ ആലുവ സബ് ജയിലില്‍ റിമാന്‍ഡില്‍ കഴിയുകയാണ്. ഇതേ തുടര്‍ന്ന് ഇയാളുടെ ഇടപാടുകള്‍ എക്‌സൈസ് സംഘം നിരീക്ഷിച്ചു വരുകയായിരുന്നു. ഇതിനിടെയാണ് വ്യാഴാഴ്ച കൊടുങ്ങല്ലൂര്‍ പോസ്റ്റ് ഓഫിസ് വഴിയും മയക്കുമരുന്ന് എത്തിയത്.

കൊടുങ്ങല്ലൂര്‍ എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ ഷാംനാഥിന്റെ നേതൃത്വത്തിലുള്ള എക്‌സൈസ് സംഘമാണ് മയക്കുമരുന്ന് പിടികൂടിയത്. ദക്ഷിണാഫ്രിക്കയില്‍ നിന്നും മറ്റും ബ്രിട്ടനിലെത്തുന്ന മുന്തിയ ഇനം മരിജുവാനയാണ് ഏഷ്യന്‍ രാജ്യങ്ങളിലേക്കെത്തുന്നത്.ഇത് കളിപ്പാട്ടങ്ങളുടെ ഇടയില്‍ വെച്ച്‌ ഇന്ത്യയിലേക്കെത്തിക്കുന്ന രീതിയിലാണ് പുതിയ മയക്കുമരുന്ന് വിപണി. മരിജുവാന ഡി.ജെ പാര്‍ട്ടികള്‍ക്കും സിനിമ മേഖലയിലേക്കും ആണ് കടത്തുന്നതെന്ന് എക്‌സൈസ് അധികൃതര്‍ പറഞ്ഞു.

ജാസിം ഡി.ജെ. മേഖലയില്‍ പ്രവര്‍ത്തിച്ചിരുന്ന ആളാണ്. ഇയാളുടെ സിനിമ ബന്ധങ്ങളെക്കുറിച്ച്‌ എക്‌സൈസിന് വിവരം ലഭിച്ചിട്ടുണ്ട്. പ്രതിയായ ജാസിമിനെ എക്‌സൈസ് ജയിലില്‍ പോയി അറസ്റ്റ് രേഖപ്പെടുത്തും.പ്രിവന്റീവ് ഓഫിസര്‍ പി.വി. ബെന്നി, എം.ആര്‍. നെല്‍സണ്‍, സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ ടി.കെ. അബ്ദുല്‍ നിയാസ്, എസ്. അഫ്സല്‍, എ.എസ്. രിഹാസ്, കെ.എല്‍. ലിസ, ഡ്രൈവര്‍ സി.പി. സഞ്ജയ്‌ തുടങ്ങിയവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

Leave A Reply